
കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ തീ കൊളുത്തി കൊന്ന കേസിൽ ശിവസേനാ നേതാവ് അറസ്റ്റിൽ. ഭായ് സാവന്ത് എന്ന പേരിൽ അറിയപ്പെടുന്ന സുകാന്ത് സാവന്താണ് അറസ്റ്റിലായത്. ഇയാളുടെ രണ്ട് സഹായികളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
രത്നഗിരി പഞ്ചായത്ത് സമിതി മുൻപ്രസിഡന്റായിരുന്ന സ്വപ്നാലിയെയാണ് കുടുംബ വഴക്കിനെ തുടർന്ന് ഓഗസ്റ്റ് 31 ന് സുകാന്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. തുടർന്ന് സുഹൃത്തുക്കളുെട സഹായത്തോടെ ചിതാഭസ്മം കടലിൽ ഒഴുക്കി. കൊലപാതകത്തിന് ശേഷം ഭാര്യയെ കാണാനില്ലെന്ന പരാതി ഇയാൾ പൊലീസിലും നൽകി. സുകാന്തിന്റെ രണ്ടാംഭാര്യയായിരുന്നു സ്വപ്നാലി.
പൊലീസ് കേസന്വേഷിക്കുന്നതിനിടെ സെപ്റ്റംബർ 10ന് മകളുടെ തിരോധാനത്തിൽ സുകാന്തിന് പങ്കുണ്ടെന്ന ആരോപണവുമായി സ്വപ്നാലിയുടെ അമ്മ സംഗീത ഷിർക്കെ രംഗത്തെത്തി. പൊലീസിൽ പരാതിയും നൽകി. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഭാര്യയെ കൊന്ന് ചിതാഭസ്മം കടലിൽ ഒഴുക്കിയതായി സുകാന്ത് പൊലീസിനോട് സമ്മതിച്ചു. തുടർന്നാണ് അറസ്റ്റ്. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
