
സംസ്ഥാനത്ത് അനുദിനം തെരുവുനായ്ക്കളുടെ ആക്രമണ വാര്‍ത്തകള്‍ അധികരിച്ചു വരികയാണ്. കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പ്രായഭേദമന്യേ പലയിടങ്ങളിലും വച്ച് തെരുവുനായകളുടെ ആക്രമണത്തിന് ഇരയാകുന്ന സംഭവങ്ങള്‍ എല്ലാ ദിവസവും കാണുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് നടി മൃദുല മുരളി.
‘മൃഗങ്ങളെ കൊല്ലുന്നതിനു പകരം അവയ്ക്ക് അഭയകേന്ദ്രമൊരുക്കുക, പ്ലീസ്’ എന്നാണ് നടി ആവശ്യപ്പെട്ടിരിക്കുന്നത്.‘ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന, മറ്റുള്ളവരെ കൊല്ലുന്ന മനുഷ്യരുണ്ട്. ഇതിനെന്താണ് പരിഹാരം? എല്ലാ മനുഷ്യരേയും കൊന്നുതള്ളാം. ഇത് നടക്കുന്ന കാര്യമാണോ?’എന്ന ചോദ്യത്തിനൊപ്പം തെരുവുനായ്ക്കളെ കൊല്ലുന്നത് നിര്‍ത്തുക എന്ന ഹാഷ്ടാഗും നടി പങ്കുവച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് താരത്തിന്റെ പ്രതികരണമുണ്ടായിരിക്കുന്നത്.
ഈ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘മുന്തിയ കാറിൽ യാത്ര ചെയ്തു നടക്കുന്ന നിങ്ങൾക് ഇതൊന്നും പറഞ്ഞ മനസിൽ ആവില്ല’ എന്നാണ് ഒട്ടനവധിപ്പേരും കമന്റ് ചെയ്തിരിക്കുന്നത്. വല്ലപ്പോഴും റോഡിൽ ഇറങ്ങി ഒന്ന് നടന്നു നോക്കണമെന്നടക്കമുള്ള വിമര്‍ശനങ്ങളും മൃദുലയ്ക്കു നേരെ ഉയരുന്നുണ്ട്.
