
കണ്ണൂർ : താണ മുഴത്തടം യുപി സ്കൂളിലും അങ്കണവാടിയിലും കള്ളൻ കയറി ഭക്ഷണം പാകം ചെയ്തു കഴിച്ചു. 9,760 രൂപയും കവർന്നു. തിങ്കളാഴ്ച്ച രാത്രിയാണു സംഭവമെന്നാണു നിഗമനം. ഇന്നലെ രാവിലെ സ്കൂൾ ജീവനക്കാർ എത്തിയപ്പോഴാണു വിവരം അറിയുന്നത്. സ്കൂൾ വളപ്പിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലെ കുട്ടികൾക്കു ഭക്ഷണം നൽകാനായി സൂക്ഷിച്ചിരുന്ന അരിയും മുട്ടയും ഉപയോഗിച്ചാണു മോഷ്ടാവ് പാചകം ചെയ്തത്.
കഴിഞ്ഞ ദിവസമാണ് അരിയും പച്ചക്കറിയും മുട്ടയും അങ്കണവാടിയിൽ എത്തിച്ചിരുന്നത്. ചെമ്പ് പാത്രത്തിൽ ഭക്ഷണം പാചകം ചെയ്തതിന്റെ അവശിഷ്ടമുണ്ട്. അലമാരയുടെ വാതിലുകൾ തുറന്ന് ഫയലുകൾ വലിച്ചിട്ട നിലയിലാണ്. മദ്യകുപ്പികളും ഗ്ലാസുകളും ഇവിടെ നിന്നു കണ്ടെത്തി.
പായ നിലത്തു വിരിച്ച നിലയിലാണ്. മുറിയിലാകെ ചോറ്‍ വിതറിയിട്ടുണ്ട്. നെല്ലിക്കയും മിക്സ്ചറും മുറിയിലുണ്ട്. ലാപ്ടോപ്പുകൾ സ്കൂളിന്റെ മുറ്റത്തു കണ്ടെത്തി. ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തെ തുടർന്ന് ഇന്നലെ അങ്കണവാടിയിൽ പഠനം നടന്നില്ല. കഴിഞ്ഞ ദിവസം പ്രഭാത് ജംക്ഷനിലുള്ള അങ്കണവാടിയിലും ഇതേ നിലയിൽ മോഷ്ടാക്കൾ വിലസിയിരുന്നു.
