രാഹുലിനെ വിടാതെ വിമർശിച്ച് സിപിഎം; തിരിച്ചടിച്ച് കോണ്‍ഗ്രസ്: യാത്രത്തല്ല്

ഭാരത് ജോഡോ യാത്രക്കെതിരെ വീണ്ടും സിപിഎം. ബിജെപിയെ എതിര്‍ക്കാന്‍ യാത്ര നടത്തേണ്ടത് കേരളത്തിലല്ലെന്നും ഗുജറാത്തും ഗോവയും പോലെയുള്ള ബിജെപി സംസ്ഥാനങ്ങളില്‍ യാത്രയില്ലെന്നും നേതാക്കള്‍ വിമര്‍ശിച്ചു. സിപിഎം കേരള ഘടകം ബിജെപിയുടെ ബി ടീമാണെന്നും ജാഥയുടെ വഴി തീരുമാനിക്കുന്നത് എകെജി സെന്‍ററല്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചടിച്ചു.

ഭാരത് ജോഡോ യാത്രയെ ഗൗനിക്കേണ്ടന്നും വിമര്‍ശിച്ചെങ്കില്‍ മറുപടി നല്‍കിയാല്‍ മതിയെന്നുമായിരുന്നു സിപിഎം നിലപാട്. എന്നാല്‍ ഇന്ന് പാര്‍ട്ടിമുഖപത്രം ദേശാഭിമാനിയില്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെഴുതിയ ലേഖനം യാത്രയുടെ ഉദ്ദേശലക്ഷ്യങ്ങളെ തന്നെ ചോദ്യം ചെയ്യുന്നതാണ്. തകര്‍ച്ചയുടെ നെല്ലിപ്പടിയിലായ കോണ്‍ഗ്രസിന് ഭാരത് ജോഡോ യാത്രകൊണ്ട് രക്ഷപെടാനാവില്ലെന്നാണ് വിമര്‍ശനം. യാത്ര കൊല്ലത്തെത്തുമ്പോഴേക്കും ഗോവയില്‍ എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബിജെപിയില്‍ ചേക്കേറി. ഗോവയിലൂടെ യാത്ര പോകുന്നില്ലെന്നാണ് അറിയുന്നത്. കോണ്‍ഗ്രസിന് ഹിന്ദുത്വ രാഷ്ട്രീയത്തോട് അഴകൊഴമ്പന്‍ സമീപനമാണെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു.

പി.ബി.അംഗം സുഭാഷിണി അലി രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തി. ഫാസിസത്തെയും വര്‍ഗീയതയെയും എതിര്‍ക്കുന്ന ഭാരത് ജോഡോ യാത്രയെ സിപിഎം ഭയപ്പെടുന്നതെന്തിനെന്ന് വി.ഡി.സതീശന്‍ തിരിച്ചടിച്ചു. കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നവര്‍ യൂറോപ്പ് ജോഡോ യാത്രയാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന വിദേശപര്യടനത്തെ പരിഹസിച്ച് ജയറാം രമേശ്. ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്ന ശ്രദ്ധ മാറ്റാനുള്ള ശ്രമമാണ് ഗോവയില്‍ നടന്നതെന്നും ജയറാം രമേശ് വാദിച്ചു.

രാഹുലിനെ വിടാതെ വിമർശിച്ച് സിപിഎം; തിരിച്ചടിച്ച് കോണ്‍ഗ്രസ്: യാത്രത്തല്ല്

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes