
കോടതിയെ വിമര്‍ശിച്ചതിനു തമിഴ്നാട്ടിലെ അഴിമതി വിരുദ്ധ പ്രവര്‍ത്തകനായ യൂട്യൂബര്‍ക്ക് ആറുമാസം തടവ് ശിക്ഷ. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണു സൗക്കു ശങ്കര്‍ എന്നയാളെ ശിക്ഷിച്ചത്. ഉന്നത നീതി പീഠം ഒന്നടങ്കം അഴിമതിയില്‍ മുങ്ങിയിരിക്കുന്നുവെന്ന് അരഭിമുഖത്തിനിടെ പറഞ്ഞതിന്റെ പേരിലാണു കോടതി സ്വമേധയാ കേസെടുത്തു ശിക്ഷിച്ചത്.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസ് ജി.ആര്‍.സ്വാമിനാഥന്‍, ജസ്റ്റിസ് ബി. പുകഴേന്തി എന്നിവരാണു അപൂര്‍വ വിധി പറഞ്ഞത്. മറ്റൊരു യുട്യൂബറുടെ കേസില്‍ ജസ്റ്റിസ് ജി.ആര്‍.സ്വാമിനാഥന്‍ ബാഹ്യസമ്മര്‍ദ്ദത്തിനു വഴങ്ങിയെന്നു നേരത്തെ സൗക്കു ട്വീറ്റ് ചെയ്തിരുന്നു.ഇതുകോടതി അലക്ഷ്യമാണെന്നു കാണിച്ചു ജസ്റ്റിസ് സ്വാമിനാഥന്‍ സ്വമേധായ കേസെടുത്തു. മൂന്നുദിവസത്തിനുശേഷം ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശത്തിന്റെ പേരില്‍ രണ്ടാമത്തെ കേസുമെടുത്തു. തുടര്‍ന്നു കേസ് പരിഗണിച്ച ജസ്റ്റിസ് സ്വാമിനാഥനും ജസ്റ്റിസ് പുകഴേന്തിക്കും സൗക്കു ശങ്കറെ വിളിച്ചുവരുത്തി.
പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പിന്‍വലിക്കില്ലെന്നും ഇയാള്‍ കോടതിയെ അറിയിച്ചു. പിറകെ ശിക്ഷ വിധിക്കുകയായിരുന്നു. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതുവരെ ശിക്ഷ നടപ്പാക്കുന്നതു നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവും കോടതി നിരാകരിച്ചു. ജയിലില്‍ ഇരുന്ന് അപ്പീല്‍ സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. മുന്‍ വിജിലന്‍സ് ഉദ്യോഗസ്ഥനായ ശങ്കര്‍ സുവക്കു നിരവധി അഴിമതിക്കേസുകള്‍ രേഖകള്‍ സഹിതം പുറത്തുകൊണ്ടുവന്നാണ് ശ്രദ്ധേയനായത്.
