
തൃശൂര്‍ തൈക്കാട്ടുശേരി കള്ളുഷാപ്പില്‍ യുവാവിനെ കുത്തിക്കൊന്നു. തൈക്കാട്ടുശേരി സ്വദേശി ജോബിയാണ് കൊല്ലപ്പെട്ടത്. വല്ലച്ചിറ സ്വദേശിയായ രാജേഷിനെ അറസ്റ്റ് ചെയ്തു.
തൈക്കാട്ടുശേരി കള്ളുഷാപ്പില്‍ രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. നാല്‍പത്തിയൊന്നുകാരനായ ജോബിയാണ് കൊല്ലപ്പെട്ടത്. കൂലിപ്പണിക്കാരനായിരുന്നു. വല്ലച്ചിറ സ്വദേശിയായ രാജേഷാണ് കുത്തിയത്. വാക്കുതര്‍ക്കത്തിനിടെയാണ് സംഭവം. ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് കൊലയാളിയായ രാജേഷ്. ഇരുവരും തമ്മില്‍ മുന്‍വൈരാഗ്യമുള്ളതായി സംശയിക്കുന്നു. നെഞ്ചിലും മുതുകത്തുമാണ് കുത്തേറ്റത്. ഒല്ലൂര്‍ ആക്ട്സ് പ്രവര്‍ത്തകര്‍ എത്തി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാപ്പിലെ ജീവനക്കാരുടെ മുമ്പിലായിരുന്നു കൊലപാതകം. ഇരുവരും കള്ളു കുടിക്കാന്‍ എത്തിയതായിരുന്നു ഷാപ്പില്‍. കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.
സംഭവത്തിനു ശേഷം മുങ്ങാന്‍ ശ്രമിച്ച രാജേഷിനെ ഒല്ലൂര്‍ പൊലീസ് പിന്‍തുടര്‍ന്ന് പിടികൂടി. യുവതിയെ വീടുകയറി ആക്രമിച്ച കേസില്‍ റിമാന്‍ഡിലായിരുന്നു. ഈയിടെയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.
