
നായശല്യം പെരുകുമ്പോഴും സംസ്ഥാനത്തെ വന്ധ്യംകരണം നടപടികൾ പ്രതിസന്ധിയിൽ. എ.ബി.സി കേന്ദ്രങ്ങൾ ആരംഭിക്കണമെന്നു സർക്കാർ പറയുമ്പോഴും ഫണ്ടിന്‍റെ കാര്യത്തിലും വ്യക്തതയില്ല. പിടികൂടുന്ന തെരുവുനായകളെ പാർപ്പിക്കാനുള്ള അഭയകേന്ദ്രങ്ങളും സാമ്പത്തികബാധ്യതയുണ്ടാക്കുമെന്നു പ്രതിപക്ഷം ഭരിക്കുന്ന പഞ്ചായത്തുകൾ ഇതിനോടകം ആക്ഷേപമുന്നയിച്ച കഴിഞ്ഞു.
എ.ബി.സി കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനു പതിനഞ്ച് മുതൽ ഇരുപത്തിയഞ്ച് ലക്ഷം രൂപ വരെ വേണ്ടി വരും. സർക്കാർ പ്രത്യേകം ഫണ്ട് നീക്കിവെയ്ക്കാതെ പഞ്ചായത്തുകൾ ഇതു വഹിച്ചാൽ ഇപ്പോൾ തന്നെ സാമ്പത്തിക ഞെരുക്കത്തി ലുള്ള പഞ്ചായത്തുകൾ കൂടുതൽ പ്രതിസന്ധിയിലാകും. ഇതോടെ എ.ബി.സി പദ്ധതികൾ പൂർണമായും താളം തെറ്റി. മാത്രമല്ല ഇതിനായി ഡോക്ടർമാരെയും സഹായികളേയും കണ്ടെത്തേണ്ടി വരും. രണ്ടു വർഷമായി എ.ബി.സി പദ്ധതി പൂർണമായും നിലച്ചിരിക്കുകയാണ്. ഇതും തെരുവുനായകൾ വർധിക്കുന്നതിനു കാരണമായിട്ടുണ്ട്.
ഇതിനു പുറമേയാണ് പിടികൂടുന്ന നായകളെ പാർപ്പിക്കാൻ അഭയകേന്ദ്രങ്ങൾ തുടങ്ങണമെന്ന നിർദേശവും. തദ്ദേശ സ്ഥാപനങ്ങൾക്ക് കെട്ടിടങ്ങളില്ലെങ്കിൽ ഒഴിഞ്ഞു കിടക്കുന്ന മറ്റു സർക്കാർ കെട്ടിടങ്ങൾ ഉപയോഗിക്കാമെന്നാണ് ഉത്തരവ് പറയുന്നത്. അഭയ കേന്ദ്രങ്ങളിലാക്കുന്ന നായകൾക്കുള്ള ഭക്ഷണ ചെലവും ഫലത്തിൽ പഞ്ചായത്തിലേക്കാണ് എത്തുന്നത്. നായകളെ പിടികൂടാനായി സന്നദ്ധ സേനാംഗങ്ങളെ നിയോഗിക്കാനാണ് സർക്കാർ ആവശ്യപ്പെടുന്നത്. ഫണ്ടുകൂടി സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടായില്ലെങ്കിൽ പഞ്ചായത്തുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുമെന്നാണ് പ്രതിപക്ഷം ഭരിക്കുന്ന പഞ്ചായത്തുകൾ ആക്ഷേപമുന്നയിച്ചു കഴിഞ്ഞു.
