
ഏഴു വര്‍ഷം മുന്‍പ് തെരുവു നായയുടെ ആക്രമണത്തില്‍ പരുക്കേറ്റ കണ്ണൂര്‍ അഴിക്കോട് സ്വദേശി ഹൈഫ ഇപ്പോഴും പരുക്കില്‍ നിന്നും മുക്തമായിട്ടില്ല. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസുകാരിയുടെ കണ്ണും മൂക്കുമാണ് നായ കടിച്ചു കീറിയത്. സര്‍ക്കാരില്‍ നിന്നും സഹായ വാഗ്ദാനമുണ്ടായിരുന്നുവെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ലെന്ന് കുടുംബം പറയുന്നു.
2015 നവംബര്‍ 29 നു രാവിലെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഹൈഫയുടെ മുഖം തെരുവു നായ കടിച്ചു പറിച്ചു, കണ്ണിനും മൂക്കിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റു. കോഴിക്കോട്, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളിലും ചെന്നൈ ശങ്കര നേത്രാലയത്തിലുമായി ചികിത്സ, ഒടുവില്‍ ജീവിതത്തിലേക്ക് മടങ്ങിയെങ്കിലും ദുരന്തത്തിന്‍റെ ബാക്കിയെന്നോണം ഇന്നും ശാരീരിക പ്രയാസങ്ങള്‍. ഇനി മൂക്കിനൊരു ശസ്ത്രക്രിയ കൂടി വേണം, പക്ഷേ അതിനുള്ള സാമ്പത്തിക സാഹചര്യം ഇപ്പോള്‍ കുടുംബത്തിനില്ല.
