


കൊല്ലം പരവൂരിൽ തമിഴ്നാട്ടില്‍ നിന്ന് പതിനാലുകാരനെ കടത്തിക്കൊണ്ടു വന്ന യുവാവിനെ വീടിന്റെ ടെറസിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂതകുളം വേപ്പിൻമൂട് സ്വദേശി രാകേഷ് ആണ് മരിച്ചത്. കുട്ടിയെ പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പൂതകുളം വേപ്പിൻമൂട് വിആർ സദനത്തിൽ രാകേഷിനെ ഇന്ന് രാവിലെയാണ് വീടിനു മുകളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. തമിഴ്നാട്ടില്‍ ചെയ്ത ജോലിയുടെ ഭാഗമായുള്ള സാമ്പത്തിക ഇടപെടലാണ് കുട്ടിയെ തട്ടിക്കൊണ്ടു വരാനുള്ള കാരണം. തിരുപ്പൂർ വേലന്‍പാളയം സ്വദേശിയായ പതിനാലുകാരനെയാണ് ഇന്നലെ രാകേഷ് കടത്തിക്കൊണ്ടു വന്നത്.
കുട്ടിയെ രാകേഷിന്റെ വീടിനു പിന്നിലെ ഷെഡില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നുവെന്നാണ് വിവരം. തിരുപ്പൂർ പൊലീസിന്റെ അറിയിപ്പിനെ തുടര്‍ന്ന് പരവൂര്‍ പൊലീസ് രാകേഷിന്റെ വീട്ടിൽ ഇന്നലെ രാത്രി പരിശോധന നടത്തിയിരുന്നു. പക്ഷേ കുട്ടിയെയും രാകേഷിനെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ നാട്ടുകാർ കുട്ടിയെ കണ്ടെത്തുകയും വിവരം ചോദിക്കുകയും ചെയ്തപ്പോഴാണ് രാകേഷ് കടത്തികൊണ്ടുവന്ന വിവരം അറിയുന്നത്. തുടർന്ന് കുട്ടിയെ പൊലീസ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. നാട്ടിലും തമിഴ്നാട് കേന്ദ്രീകരിച്ചും രാകേഷ് നിർമാണ ജോലികള്‍ ചെയ്തു വരികയായിരുന്നു.
ആത്മഹത്യ ചെയ്ത രാകേഷിന്റെ കൂട്ടാളികള്‍ക്കായി തിരുപ്പൂര്‍ പൊലീസ് അന്വേഷണം ശക്തമാക്കി. പതിനാലുകാരനെ വൈദ്യുതി കേബിൾ ഉപയോഗിച്ച് കഴുത്തു മുറുക്കി കൊലപ്പെടുത്താന്‍ പ്രതി ശ്രമിച്ചിരുന്നു. തിരുപ്പൂരിലെ വീട്ടില്‍ അച്ഛനെയും അമ്മയെയും കെട്ടിയിട്ട ശേഷമാണ് തന്നെ തട്ടിയെടുത്തതെന്നാണ് കുട്ടിയുടെ മൊഴി. വെള്ളി വൈകിട്ടാണ് രാകേഷും മറ്റ് രണ്ടുപേരും തിരുപ്പൂരിലെ പതിനാലുകാരന്റെ വീട്ടിലെത്തുന്നത്. അച്ഛനെയും അമ്മയെയും കെട്ടിയിട്ട ശേഷം തന്നെ പരവൂരിലേക്ക് തട്ടിക്കൊണ്ടുവരുകയായിരുന്നുവെന്ന് കുട്ടിയുടെ മൊഴി. വാഹനത്തില്‍ വച്ച് ബഹളം വച്ചപ്പോള്‍ തോക്ക് ചൂണ്ടി ഭീഷണി. രാകേഷിന്റെ വീടിനു പിന്നിലെ ഷെഡിലേക്കാണ് എത്തിച്ചത്. ഇവിടെ വച്ച് വൈദ്യുതി കേബിൾ ഉപയോഗിച്ച് പതിനാലുകാരനെ കഴുത്ത് മുറുക്കി കെട്ടിത്തൂക്കി കൊലപ്പെടുത്താന്‍ രാകേഷ് ശ്രമിച്ചു. രാകേഷിന്റെ കൊലപാതകശ്രമത്തില്‍ നിന്നെല്ലാം രക്ഷപെട്ട കുട്ടിയെ അവശതയോടെ ബസ് സ്റ്റോപ്പിൽ വച്ച് നാട്ടുകാർ കണ്ടതാണ് വഴിത്തിരിവായത്.
രാകേഷിനെ പിടികൂടാന്‍ പരവൂര്‍ പൊലീസ് എത്തിയപ്പോഴേക്കും രാകേഷ് ജീവനൊടുക്കിയിരുന്നു. പരവൂര്‍ പൊലീസ് പിന്നീട് കുട്ടിയെ തിരുപ്പൂര്‍ പൊലീസിന് കൈമാറി. രാകേഷിന്റെ ബാഗിൽ നിന്ന് തോക്ക് കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ ബിസിനസിന്റെ ഭാഗമായി കുട്ടിയുടെ പിതാവുമായി രാകേഷിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. പണം തിരികെ ലഭിക്കാൻ വേണ്ടിയായിരുന്നു ക്രൂരത. തിരുപ്പൂർ വേലൻപാളയത്തെ കുട്ടിയുടെ അച്ഛന്റെ സ്ഥാപനത്തിലെ മുൻ ജീവനക്കാരനായിരുന്നു രാകേഷ്. രാകേഷിന്റെ കൂട്ടാളികളായ രണ്ടുപേര്‍ക്കായി തിരുപ്പൂര്‍ പൊലീസ് തിരച്ചില്‍ തുടങ്ങി.