
ബാസ്കറ്റ് ബോള്‍ ഇതിഹാസം മൈക്കല്‍ ജോര്‍ദന്റെ ജേഴ്സി ലേലത്തില്‍ പോയത് റെക്കോര്‍ഡ് തുകയ്ക്ക്. ഫുട്ബോള്‍ ഇതിഹാസം ഡീയഗോ മറഡോണയുടെ ജേഴ്സിയുടെ റെക്കോര്‍ഡാണ് മറികടന്നത്.
ഒരു തലമുറയെ ആകെ ത്രസിപ്പിച്ച ഹീറോ. എങ്ങനെയാണ് ബാസ്കറ്റ് ബോള്‍ കോര്‍ട്ടില്‍ തീര്‍ത്ത അതുല്യ നിമിഷങ്ങള്‍ ആരാധകര്‍ മറക്കുക. ഒരിക്കലും അവസാനിക്കാത്ത ആ ആരാധന തന്നെയാണ് ഈ റെക്കോര്‍ഡ് ലേലത്തിന് പിന്നിലും. 10.1 മില്യന്‍ ഡോളറിനാണ് ജേഴ്സി ലേലത്തില്‍ പോയത്. 1998–ലെ എന്‍ബിഎ ഫൈനല്‍സി്ന്റെ ആദ്യമല്‍സരത്തില്‍ ഷിക്കാഗോ ബുള്‍സിനായി ജോര്‍ദന്‍ ധരിച്ച ജേഴ്സിയാണിത്. 20 ബിഡുകളാണ് ജേഴ്സിക്ക് ഉണ്ടായിരുന്നത്. 1986 ലോകകപ്പില്‍ ഡിയേഗോ മറഡോണ ധരിച്ച ജേഴ്സിയുടെ റെക്കോര്‍ഡാണ് മറികടന്നത്. 9.28 മില്യന്‍ ഡോളറിനായിരുന്നു മറഡോണയുടെ ജേഴ്സി ലേലത്തില്‍ പോയത്.
10 സ്കോറിങ് ടൈറ്റില്‍സ് നേടിയ താരം മൂന്നുവട്ടം തുടര്‍ച്ചയായി ഷിക്കാഗോ ബുള്‍സിനെ കിരീടത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. രണ്ടുവട്ടം വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ജോര്‍ദന്‍ കളത്തിലെത്തിയെങ്കിലും മൂന്നാംവട്ടം പക്ഷേ ഒരുതിരിച്ചുവരവുണ്ടായില്ല. 2003 ഏപ്രില്‍ 16നായിരുന്നു വിരമിക്കല്‍.
