
ബംഗളൂരു: കർണാടകയിലെ കലബുറുഗിയിൽ കടം വാങ്ങിയ 9000 രൂപ തിരിച്ച് നൽകാത്തതിന് യുവാവിനെ നടുറോട്ടിൽ കുത്തി കൊലപ്പെടുത്തി. ശനിയാഴ്ച ജെവർഗി റോഡിലാണ് സംഭവം.
കലബുറുഗി സ്വദേശിയായ സമീറാണ് തന്‍റെ പരിചയക്കാരനിൽ നിന്ന് 9000 രൂപ കടം വാങ്ങിയത്. പിന്നീട് ഇയാൾ പണം തിരികെ നൽകാൻ ആവശ്യപ്പെട്ടപ്പോൾ സമീർ ഒഴിഞ്ഞുമാറി. ഇത് ഇരുവരും തമ്മിൽ തർക്കത്തിലേക്ക് നയിച്ചു. ഇതിന്‍റെ പ്രതികാരമായി ശനിയാഴ്ച രാത്രി പ്രതിയും സുഹൃത്തും ചേർന്ന് ജനത്തിരക്കേറിയ ജെവർഗി റോഡിൽ വെച്ച് സമീറിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
മൂർച്ചയേറിയ ആയുധം കൊണ്ട് ആക്രമിക്കപ്പെട്ടയുടൻ സമീർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ അക്രമികൾ സമീറിനെ പിടികൂടി വീണ്ടും ശക്തമായി മുറിപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സമീർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
കൃത്യം നടത്തിയ ശേഷം പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. റോഡിൽ ആൾക്കൂട്ടമുണ്ടായിട്ടും വഴിയാത്രക്കാർ സമീറിനെ രക്ഷിക്കാൻ ശ്രമിച്ചിരുന്നില്ല. പിന്നീട് പൊലീസ് സ്ഥലത്തെത്തി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ്അറിയിച്ചു.

