
കൂറ്റൻ വിജയലക്ഷ്യമുയർത്തിയിട്ടും ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്കു തോൽവി. ഇന്ത്യ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ നാല് പന്തുകള് ബാക്കി നിൽക്കെ ഓസ്ട്രേലിയ മറികടന്നു. ഓസീസിന് നാല് വിക്കറ്റ് വിജയം. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഓസ്ട്രേലിയ 1-0ന് മുന്നിലെത്തി. ട്വന്റി20യിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ നേടുന്ന ഉയർന്ന സ്കോറാണ് മൊഹാലിയിലേത്. ഓസ്ട്രേലിയ പിന്തുടർന്ന് ജയിക്കുന്ന രണ്ടാമത്തെ ഉയർന്ന വിജയലക്ഷ്യം കൂടിയാണിത്. 23ന് നാഗ്പൂരിലാണു രണ്ടാം മത്സരം.
209 റൺസെന്ന വലിയ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയയ്ക്ക് ക്യാപ്റ്റൻ ആരൺ ഫിഞ്ചും കാമറൂൺ ഗ്രീനും 39 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഫിഞ്ചിനെ 22 ന് പുറത്താക്കി അക്സർ പട്ടേൽ ആദ്യ വിക്കറ്റു നേടി. മറുഭാഗത്തു തകർത്തടിച്ച ഗ്രീൻ 30 പന്തിൽ 61 റൺസെടുത്തു. സ്റ്റീവ് സ്മിത്തും താളം കണ്ടെത്തിയതോടെ ഓസീസ് അനായാസം നൂറു കടന്നു. ഗ്രീനിനെ കോലിയുടെ കൈകളിലെത്തിച്ച് അക്സർ പട്ടേൽ ഓസ്ട്രേലിയയ്ക്ക് രണ്ടാം പ്രഹരമേൽപിച്ചപ്പോള് സ്മിത്തിനെ ദിനേഷ് കാർത്തിക്ക് ക്യാച്ചെടുത്തു പുറത്താക്കി. ഏറെക്കാലത്തിനു ശേഷം ട്വന്റി20 രാജ്യാന്തര മത്സരം കളിക്കുന്ന പേസർ ഉമേഷ് യാദവിനാണ് വിക്കറ്റ്. 12-ാം ഓവറിലെ മൂന്നാം പന്തിൽ സ്മിത്തിനെ മടക്കിയതിനു പിന്നാലെ ആറാം പന്തിൽ ഗ്ലെൻ മാക്സ്വെല്ലും ഉമേഷ് യാദവിന്റെ പന്തിൽ പുറത്തായത് ഓസീസിന് അപ്രതീക്ഷിത തിരിച്ചടിയായി. മധ്യനിരയിൽ ജോഷ് ഇംഗ്ലിസും (10 പന്തിൽ 17) ടിം ഡേവിഡും (14 പന്തിൽ 18) മോശമല്ലാത്ത പ്രകടനം പുറത്തെടുത്തു. വിക്കറ്റ് കീപ്പർ ബാറ്റർ മാത്യു വെയ്ഡും (21 പന്തിൽ 45) തിളങ്ങിയതോടെ ഓസ്ട്രേലിയ ജയമുറപ്പിച്ചു. ഇന്ത്യയ്ക്കായി അക്സർ പട്ടേൽ മൂന്നു വിക്കറ്റു നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തു. ഓപ്പണർ കെ.എൽ.രാഹുലിന്റെയും ഹാർദിക് പാണ്ഡ്യയുടെയും അർധസെഞ്ചറിക്കരുത്തിലാണ് ഇന്ത്യൻ മുന്നേറ്റം. 35 പന്തുകൾ നേരിട്ട രാഹുൽ 55 റൺസെടുത്തു പുറത്തായി. നാല് ഫോറുകളും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്. അവസാന പന്തുകളിൽ ആഞ്ഞടിച്ച പാണ്ഡ്യ 30 പന്തുകള് നേരിട്ട് 71 റൺസുമായി പുറത്താകാതെ നിന്നു. അഞ്ച് സിക്സുകളും ഏഴു ഫോറുകളുമാണ് പാണ്ഡ്യ ആദ്യ ട്വന്റി20യിൽ അടിച്ചെടുത്തത്. സൂര്യകുമാർ യാദവും (25 പന്തിൽ 46) തിളങ്ങി. ഇന്ത്യൻ ബാറ്റിങ് അഞ്ച് ഓവർ പൂർത്തിയാകും മുൻപ് തന്നെ ക്യാപ്റ്റൻ രോഹിത് ശര്‍മയെയും വിരാട് കോലിയെയും ഇന്ത്യയ്ക്കു നഷ്ടമായിരുന്നു.
9 പന്തുകൾ നേരിട്ട രോഹിത് 11 റണ്‍സെടുത്തപ്പോള്‍ കോലി രണ്ട് റൺസ് മാത്രം നേടിയാണു മടങ്ങിയത്. തുടർന്ന് രാഹുലിന്റെയും സൂര്യകുമാറിന്റെയും നിലയുറപ്പിച്ചുള്ള പ്രകടനമാണ് ഇന്ത്യയ്ക്കു തുണയായത്. സ്കോർ 100 കടത്തിയതിനു പിന്നാലെ ജോഷ് ഹെയ്സൽവുഡിന്റെ പന്തിൽ നേഥൻ എല്ലിസ് ക്യാച്ചെടുത്ത് രാഹുലിനെ പുറത്താക്കി. അധികം വൈകാതെ സൂര്യകുമാർ യാദവിനെ കാമറൂണ് ഗ്രീനും പുറത്താക്കി. 25 പന്തുകളിൽ അർധസെഞ്ചറി തികച്ച പാണ്ഡ്യ അവസാന ഓവറിലെ അവസാന മൂന്ന് പന്തുകള് സിക്സർ പറത്തിയാണ് ഇന്ത്യയെ 200 കടത്തിയത്. അക്സർ പട്ടേലിനും ദിനേഷ് കാർത്തിക്കിനും തിളങ്ങാൻ സാധിച്ചില്ല. അഞ്ചു പന്തുകള് നേരിട്ട് ആറ് റൺസാണ് ഇരുവരുടെയും നേട്ടം. ഓസ്ട്രേലിയയ്ക്കായി നേഥൻ എല്ലിസ് മൂന്ന് വിക്കറ്റുകള് വീഴ്ത്തി. ജോഷ് ഹെയ്സൽവുഡ് രണ്ടും കാമറൂൺ ഗ്രീൻ ഒരു വിക്കറ്റും സ്വന്തമാക്കി.
