
വീടിനുമുന്നില്‍ ജപ്തി നോട്ടിസ് പതിച്ചതിന് പിന്നാലെ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ അടിയന്തര റിപ്പോര്‍ട്ട് തേടിയെന്ന് സഹകരണമന്ത്രി മന്ത്രി വി.എന്‍.വാസവന്‍. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചെങ്കില്‍ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ശൂരനാട് സൗത്ത് അജി ഭവനില്‍ അഭിരാമി ആണ് മരിച്ചത്. വൈകിട്ടാണ് വീട്ടിലെ മുറിക്കുളളില്‍ തൂങ്ങിയ നിലയില്‍ അഭിരാമിയെ കണ്ടത്. അഭിരാമിയുടെ കുടുംബം കേരള ബാങ്ക് പതാരം ബ്രാഞ്ചില്‍ നിന്ന് 10 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇത് മുടങ്ങിയതിന്റെ പേരിലാണ് ജപ്തി നോട്ടിസ് പതിച്ചത്. വായ്പയെടുത്തിട്ട് അധികകാലമായില്ലെന്നും നിയമപരമായ നടപടികള്‍ ഇല്ലാതെയാണ് ജപ്തിനോട്ടിസ് പതിച്ചതെന്നും നാട്ടുകാര്‍ ആരോപിച്ചു.
