
തിരുവനന്തപുരം പോത്തന്‍കോടിനടുത്ത് വെള്ളാണിക്കല്‍ പാറയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണം. സുഹൃത്തുക്കള്‍ക്കൊപ്പം സ്ഥലം കാണാനെത്തിയ പെണ്‍കുട്ടികളെ നാട്ടുകാര്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ചു. ദൃശ്യങ്ങള്‍ ലഭിച്ചിട്ടും പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രമെന്നും ആക്ഷേപം.13 വയസുള്ള പെണ്‍കുട്ടികളെ റോഡില്‍ തടഞ്ഞ് നിര്‍ത്തി വടികൊണ്ട് അടിക്കുന്നു. അതും അഞ്ചാറ് പേര്‍ ചേര്‍ന്ന്.. കുട്ടികള്‍ കരഞ്ഞിട്ടും നിര്‍ത്താതെയുള്ള ഉപദ്രവം.
ഇക്കഴിഞ്ഞ നാലാം തീയതി വെള്ളാണിക്കല്‍പാറ കാണാനെത്തിയ സമീപ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ആക്രമണം നേരിടേണ്ടി വന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് വന്നത് ചോദ്യം ചെയ്ത ശേഷമായിരുന്നു ഉപദ്രവം. അതുവഴി വന്ന യാത്രക്കാരിലൊരാള്‍ ഇതിനെ എതിര്‍ത്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെ അയാള്‍ക്ക് നേരെയും കയ്യേറ്റശ്രമം.
യാത്രക്കാരന്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് ശ്രീനാരായണപുരം സ്വദേശി മനീഷ് എന്നൊരാള്‍ക്കെതിരെ മാത്രമാണ് േകസെടുത്തത്. ജാമ്യത്തില്‍ വിടുകയും ചെയ്തു. കേസില്‍ മറ്റാരെയും പ്രതി ചേര്‍ത്തുപോലുമില്ല. എന്നാല്‍ മര്‍ദനമേറ്റ കുട്ടികള്‍ പരാതിപ്പെടാത്തതാണ് കേസിന് തടസമെന്നാണ് പൊലീസ് ന്യായീകരിക്കുന്നത്.
