
‘
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. മിമിക്രിയിലൂടെ സിനിമയിലെത്തിയ ജയറാം പിന്നീട് മുന്‍നിര നായകന്മാര്‍ക്കൊപ്പം എത്തുകയായിരുന്നു. അമ്പത്തിയേഴിൽ എത്തി നിൽക്കുന്ന താരം അഭിനയിച്ച് ഫലിപ്പിച്ച് വെച്ചിരിക്കുന്നത് ഒട്ടനവധി മനോഹര കഥാപാത്രങ്ങളാണ്.
പെരുമ്പാവൂരാണ് സ്വദേശമെങ്കിലും സിനിമയുടെ ആവശ്യത്തിനും മറ്റുമായി വർഷങ്ങളായി ചെന്നൈയിലാണ് ജയറാമും കുടുംബവും താമസിക്കുന്നത്. അപരനിലൂടെയാണ് ജയറാം നായകനായി അഭിനയിച്ച് തുടങ്ങിയത്. അതും പത്മരാജനെപ്പോലെ മഹാനായ സംവിധായകനൊപ്പം.
അപരനിൽ ഡബിൾ റോളിലായിരുന്നു ജയറാം അഭിനയിച്ചത്. പിന്നീടിങ്ങോട്ട് പത്മരാജന്റെ മാത്രമല്ല ഭരതൻ അടക്കം ഒട്ടനവധി പ്രതിഭയുള്ള സംവിധായകർക്കും കലാകാരന്മാർക്കുമൊപ്പം പ്രവർത്തിക്കാൻ ജയറാമിന് സാധിച്ചു. വിന്റേജ് ജയറാം സിനിമകൾക്ക് ഇന്നും ആരാധകരുണ്ട്.
അന്ന് ജയറാം ചെയ്ത് വെച്ച സിനിമകളെല്ലാം തന്നെ റിപ്പീറ്റ് വാല്യുവുള്ളയായിരുന്നു. ആ സിനിമകൾ കാണുമ്പോൾ മലയാളി പ്രാർഥിക്കുന്നൊരു കാര്യം പഴയ വിന്റേജ് ജയറാമിനെ തിരികെ ബിഗ് സ്ക്രീനിൽ കാണാൻ പറ്റുന്ന തരത്തിലുള്ള സിനിമകൾ വരണേയെന്നാണ്.
മലയാളത്തിൽ നിന്നും കുറച്ച് നാളുകളായി വിട്ട് നിൽക്കുന്ന താരം തമിഴിലും തെലുങ്കിലുമാണ് ഇപ്പോൾ സജീവം. അതുപോലെ തന്നെ വളരെ അധികം പ്രതിഭയോടെ അംഗീകാരത്തിന് അർഹമായ കഥാപാത്രങ്ങൾ ചെയ്തിട്ടും പലപ്പോഴും ജയറാമിനെ മിമിക്രിക്കാരനെന്ന് വിളിച്ച് പുരസ്കാരങ്ങൾക്ക് പരിഗണിക്കാതെ തഴഞ്ഞിട്ടുണ്ട്.
നടൻ അടക്കമുള്ള സിനിമകൾ അതിനുള്ള ഉദാഹരണങ്ങളാണ്. ഇപ്പോഴിത ജയറാമിന്റെ സിനിമാ ജീവിതത്തെ കുറിച്ച് മകൾ മാളവിക ജയറാം ഇന്ത്യാഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറാലാകുന്നത്.
നടൻ പോലുള്ള സിനിമകൾ അത്രത്തോളം ഹാർഡ് വർക്കിട്ട് അച്ഛൻ ചെയ്ത സിനിമകളാണെന്നാണ് മാളവിക പറയുന്നത്. ‘കൊച്ചു കൊച്ചു സന്തോഷങ്ങളുടെ ഫുൾ ഷൂട്ട് ഗോവയിലായിരുന്നു. കണ്ണന് അന്ന് അഞ്ച് വയസാണ് പ്രായം. ഷൂട്ടിങ് കാണാൻ ഞാനും അമ്മയും പോയിരുന്നു.’
‘ചെറിയ കുട്ടിയാണല്ലോ കണ്ണൻ അതുകൊണ്ട് തന്നെ വളരെ അധികം കൺവീൻസ് ചെയ്യിപ്പിച്ചാണ് ഓരോ ഷോട്ടിലും അഭിനയിപ്പിക്കുന്നത്. കണ്ണനെ എപ്പോഴും സത്യൻ അന്തിക്കാട് അങ്കിൾ തോളിലിരുത്തണം. അങ്ങനെ ചെയ്താൽ മാത്രമെ അവൻ അടുത്ത സീനിൽ അഭിനയിക്കാൻ സമ്മതിക്കൂ.’
‘അങ്ങനെ ഓരോ സീനും ഷൂട്ട് ചെയ്യാൻ സത്യൻ അങ്കിളിന്റെ തോളിൽ നിന്ന് ഇറങ്ങി കണ്ണൻ പോകും. സീൻ ചെയ്ത് കഴിഞ്ഞാൽ ഉടൻ വന്ന് സത്യൻ അങ്കിളിന്റെ തോളിൽ കയറി ഇരിക്കും. നടൻ അപ്പ ഒരുപാട് ഹാർഡ് വർക്ക് ചെയ്ത സിനിമയായിരുന്നു. പക്ഷെ അതിനുള്ള അംഗീകാരം അപ്പയ്ക്ക് കിട്ടാത്തൊരു സിനിമ കൂടിയായിരുന്നു അത്. പക്ഷെ അതെ കുറിച്ച് ഞാൻ ഇവിടെ പറയുന്നില്ല.’
‘നടന്റെ ഷൂട്ടിനിടയിൽ നടന്നൊരു സംഭവം അപ്പ വീട്ടിൽ വന്ന് പറഞ്ഞിരുന്നു. സിനിമയുടെ ഒരു ഭാഗം എത്തുമ്പോൾ അപ്പ വീട് വിട്ടിറങ്ങി മധുര പോലുള്ള സ്ഥലങ്ങളിലെ അമ്പലങ്ങളിൽ കഴിയുന്നത് കാണിക്കുന്നുണ്ട്. ആ രംഗങ്ങൾ എടുക്കുമ്പോൾ കാമറ പലയിടത്ത് മറച്ച് വെച്ചാണ് ഷൂട്ട് ചെയ്തത്.’
‘അതുകൊണ്ട് ആളുകൾക്ക് ഷൂട്ടിങാണെന്ന് മനസിലാകില്ല. അപ്പ ഒരു സീനിൽ അമ്പലത്തിന്റെ മുന്നിലിരുന്ന് അവിടെ വരുന്നവരുടെ ചെരുപ്പ് സൂക്ഷിപ്പുകാരനായും ചെരുപ്പുകൾ വൃത്തിയാക്കുന്ന ആളായും അഭിനയിച്ചിട്ടുണ്ട്.’
‘ഇത് ചിത്രീകരിക്കുമ്പോൾ യഥാർഥത്തിൽ അപ്പയുടെ അടുത്ത് ഒരു ഫാമിലി വന്ന് ഷൂസും ചെരുപ്പും വൃത്തിയാക്കിപ്പിച്ചു. അപ്പ അത് വൃത്തിയാക്കി കാലിൽ ഇട്ട് കൊടുത്തു. അന്ന് അവർ അതിനുള്ള പ്രതിഫലമായി നൽകിയ നാണയം ഇന്നും അപ്പ പേഴ്സിൽ സൂക്ഷിക്കുന്നുണ്ട്’ മാളവിക ജയറാം പറഞ്ഞു.

