യുപിയിൽ പശുവിന്റെ താടിയിൽ കടിച്ചുതൂങ്ങി പിറ്റ്ബുൾ നായ; രക്ഷയ്‌ക്കെത്തിയത് നാട്ടുകാർ

ഉത്തർപ്രദേശിൽ പശുവിനെ പിറ്റ്ബുൾ നായ ആക്രമിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഉത്തർപ്രദേശിലെ സർശയ്യ ഘട്ടിനു സമീപത്താണ് സംഭവം നടന്നത്. ഉടമസ്ഥനൊപ്പമെത്തിയ പിറ്റ്ബുൾ പശുവിനരികിലേക്ക് ഓടിയെത്തി അതിന്റെ താടിയിൽ കടിച്ചുകുടയുകയായിരുന്നു. നായയെ വിടുവിക്കാൻ ഉടമസ്ഥൻ കിണഞ്ഞുശ്രമിച്ചെങ്കിലും രക്ഷയുണ്ടായില്ല. ഒടുവിൽ നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഓടിയെത്തി വടികൊണ്ടടിച്ചതോടെയാണു പിറ്റ്ബുൾ കടിവിട്ടത്. ലോകമെമ്പാടും പരിചിതമായ പിറ്റ്ബുൾ അക്രമസംഭവങ്ങളുടെ പേരിലും ശ്രദ്ധ നേടിയിട്ടുള്ള നായയാണ്. സരശയ്യ ഘട്ട് പരിസരത്ത് 4 പിറ്റ്ബുൾ നായകളുണ്ടെന്ന് അധികൃതർ പറയുന്നു.

ലക്‌നൗവിൽ അടുത്തിടെ ഒരു വയോധികയെ പിറ്റ്ബുൾ കടിച്ചു പരുക്കേൽപിക്കുകയും പരുക്ക് ഗുരുതരമായതോടെ അവർ മരണമടയുകയും ചെയ്തിരുന്നു. ഇതെത്തുടർന്ന് മേഖലയിൽ പിറ്റ്ബുളിനെ വളർത്താൻ ലൈസൻസ് നിർബന്ധമാക്കി. പിറ്റ്ബുൾ നായകളുടെ വിൽപന, ബ്രീഡിങ് തുടങ്ങിയവ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം മൃഗസംരക്ഷണ സന്നദ്ധ സംഘടനയായ പീറ്റ കേന്ദ്ര മന്ത്രാലയത്തിന് നിവേദനം നൽകിയിരുന്നു. പിറ്റ്ബുൾ നായകളെ നായപ്പോരിനും മത്സരങ്ങൾക്കുമായാണ് വളർത്തിയിരുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിവേദനം. കടുപ്പമേറിയ സാഹചര്യങ്ങളിൽ പരിശീലനം നൽകി വളർത്തിയെടുക്കുന്നതിനാൽ ഈ നായകളിൽ പലതും ചൂഷണത്തിന് വിധേയമാകുന്നെന്നും പീറ്റ ക്യാംപെയ്ൻസ് മാനേജർ രാധിക സൂര്യവംശി ചൂണ്ടിക്കാട്ടി.

സ്റ്റാഫോഡ്ഷയർ ബുൾ ടെറിയർ, അമേരിക്കൻ സ്റ്റാഫോഡ്ഷയർ ടെറിയർ, അമേരിക്കൻ പിറ്റ്ബുൾ ടെറിയർ എന്നീ ബ്രീഡുകളെയാണു പൊതുവായി പിറ്റ്ബുൾ എന്നു പറയുന്നത്. അമേരിക്കൻ ബുൾഡോഗ്, ബുൾ ടെറിയർ എന്നീ നായ ഇനങ്ങളെയും ചിലപ്പോൾ ഇക്കൂട്ടത്തിൽ ഉൾപ്പെടുത്താറുണ്ട്. പ്രത്യേകതയുള്ള വലിയ ശിരസ്സും നീണ്ടു മടങ്ങിയ ചെവികളും പേശീബലമുള്ള ശരീരവും ഉറപ്പുള്ള കഴുത്തും ഇവയ്ക്കുണ്ട്. യുഎസിൽ 30 ലക്ഷത്തിനും 50 ലക്ഷത്തിനുമിടയിൽ പിറ്റ്ബുൾ നായകളുണ്ടെന്നു കണക്കാക്കപ്പെടുന്നു. ആറടിപ്പൊക്കമുള്ള മതിലുകൾ പോലും ചാടിക്കടക്കാൻ ഇവയ്ക്കു കഴിവുണ്ട്. 2019ൽ യുഎസിൽ നായകടി മൂലം സംഭവിച്ച 48 മരണങ്ങളിൽ 69 ശതമാനവും പിറ്റ്ബുളുകളാണു കാരണക്കാർ എന്ന് അധികൃതർ കണ്ടെത്തിയിരുന്നു.

പണ്ടുകാലത്ത് യുഎസിലും മറ്റും കുട്ടികളെ നോക്കാനായി നിയോഗിക്കുന്ന നാനി ഡോഗുകളായി പിറ്റ്ബുളുകളെ ഉപയോഗിച്ചിരുന്നു. അടിസ്ഥാനപരമായി സൗഹൃദമനോഭാവവും കൂട്ടുകൂടാനുള്ള പ്രവണതയും പിറ്റ്ബുളുകൾക്കുണ്ടെന്ന് ചില വിദഗ്ധർ പറയുന്നു. എന്നാൽ വളരുന്ന സാഹചര്യവും ലഭിക്കുന്ന പരിശീലനവും ഇവയുടെ സ്വഭാവത്തിൽ വലിയ സ്വാധീനം ചെലുത്താം. കടിച്ചാൽ ഇവയുടെ താടിയെല്ലിനു പൂട്ടുവീഴുമെന്നും പിന്നീട് പിടിവിടില്ലെന്നും, ലോകത്തിൽ ഏറ്റവും ഉയർന്ന കടിബലമുള്ള നായ ഇവയാണെന്നും പ്രചാരണങ്ങളുണ്ട്. എന്നാൽ ഇവയൊന്നും സത്യമല്ലെന്നും വിദഗ്ധർ പറയുന്നു.

1993ൽ വീല എന്ന പിറ്റ്ബുൾ ഇനത്തിൽ പെട്ട നായ ടിഹ്വാന നദിയിലെ ഒരു ഡാമപകടത്തിൽപെട്ടവരിൽ നിരവധിപേരെ രക്ഷിച്ചിരുന്നു. വെള്ളത്തിൽപെട്ടുപോയ ഒട്ടേറെ ആളുകൾക്കും വളർത്തുമൃഗങ്ങൾക്കും ഭക്ഷണമെത്തിക്കാനും വീല മിടുക്കുകാട്ടി. പിൽക്കാലത്ത് ഈ നായയ്ക്ക് ഉന്നതപുരസ്‌കാരവും ലഭിച്ചു. ഓസ്‌ട്രേലിയ, ബെലാറൂസ്, ഡെൻമാർക്ക്, ഇക്വഡോർ, ഫ്രാൻസ്, അയർലൻഡ്, ഇസ്രയേൽ, ഇറ്റലി, മലേഷ്യ, ന്യൂസീലൻഡ്, നോർവേ, യുകെ, യുക്രെയ്ൻ തുടങ്ങിയ രാജ്യങ്ങളിൽ പിറ്റ്ബുളുകളെ വളർത്തുന്നതിന് നിയന്ത്രണമോ നിരോധനമോ ഏർപ്പെടുത്തിയിട്ടുണ്ട്.

യുപിയിൽ പശുവിന്റെ താടിയിൽ കടിച്ചുതൂങ്ങി പിറ്റ്ബുൾ നായ; രക്ഷയ്‌ക്കെത്തിയത് നാട്ടുകാർ

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes