
ഭർത്താവിന്റെ വീട്ടില്‍ അടൂര്‍സ്വദേശിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. കൊല്ലം ചടയമംഗലം സ്വദേശിയായ കിഷോറിനും ബന്ധുക്കള്‍ക്കുമെതിരെയാണ് പരാതി. അടൂർ പള്ളിക്കല്‍ സ്വദേശിനിയായ ലക്ഷ്മിയെ ചൊവ്വാഴ്ചയാണ് ചടയമംഗലത്തെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
പ്രവാസിയായ ഭര്‍ത്താവ് കിഷോർ നാട്ടില് മടങ്ങിയെത്തിയ സെപ്റ്റംബർ 20 നാണ് ഭാര്യ ലക്ഷ്മി പിള്ളയെ ചടയമംഗലത്തെ ഭർതൃവീട്ടില് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അന്നേ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടോടെ കിഷോര്‍ ലക്ഷ്മിയുടെ അമ്മ രമാദേവിയെ ഫോണില്‍ വിളിച്ചു. ലക്ഷ്മി മുകളില്‍ നിലയിലെ മുറി തുറക്കുന്നില്ലെന്നും ഉടന്‍ എത്തണമെന്നും പറഞ്ഞു. രമാദേവി രണ്ടരയോടെ കിഷോറിന്‍റെ വീട്ടിലെത്തി. കിഷോറിന്‍റെ ദൂരസ്ഥലങ്ങളില്‍ നിന്നുള്ള ബന്ധുക്കള്‍ വരെ അവിടെയെത്തിയിരുന്നു. മുകള്‍നിലയിലേക്ക് കയറാന്‍ തുടങ്ങിയതും ബന്ധുക്കള്‍ തന്നെ പിടിച്ചുമാറ്റി മുറി തള്ളിത്തുറന്നു കയറിയെന്ന് രമാദേവി പറയുന്നു. തൂങ്ങിനില്‍ക്കുന്ന ലക്ഷിയെ അഴിച്ചു താഴെക്കിടത്തി. ആശുപത്രിയില്‍ കൊണ്ടുപോകാനും തയാറായില്ലെന്ന് ഇവര്‍ പറയുന്നു
11 മണിയോടെ വീട്ടിലെത്തിയ കിഷോർ രമാദേവിയെത്തും വരെ മുറിയുടെ വാതില് തുറക്കാതിരുന്നതും മറ്റിടങ്ങളില്‍ നിന്നും ബന്ധുക്കള് വീട്ടിലെത്തിയിരുന്നതുമാണ് സംശയങ്ങൾക്കിടയാക്കിയത്.
കിഷോറിന്റെ അമ്മയും ബന്ധുക്കളും ലക്ഷ്മിയെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് ഇവര്‍ പറയുന്നു. സ്ത്രീധന പീഡനം ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. വിവാഹത്തിന് നല്‍കിയ 45 പവന്‍ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ പണയം വച്ചു. കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ട് മാനസികമായി വേട്ടയാടിയെന്നും ആരോപിക്കുന്നു. ലക്ഷ്മിയുടെ സഹോദരിയുടെ അക്കൗണ്ടിലുള്ള പത്ത് ലക്ഷം കൂടി ആവശ്യപ്പെട്ടും പ്രശ്നങ്ങളുണ്ടായി.
തൂങ്ങി മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സ്ത്രീധനപീഡനത്തിനും ആത്്മഹത്യാപ്രേരണയ്ക്കും കേസെടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ചടയമംഗലം പൊലീസാണ് കേസ് അന്വേഷിക്കുന്നത്
