
കേരള രാഷ്ട്രീയത്തില്‍ ആര്യാടന്‍ മുഹമ്മദിനെപ്പോലെ ഒരു നേതാവ് ആര്യാടന്‍ മാത്രം. രാഷ്ട്രീയ യാത്രയിലും ഇടപെടലുകളിലും തുടങ്ങി പ്രസംഗത്തില്‍ വരെയുണ്ട് ഈ ആര്യാടന്‍ ടച്ച്. ആര്യാടന്‍ നടത്തുന്ന ഓരോ രാഷ്ട്രീയ നീക്കത്തിലും എതിരാളികള്‍ പോലും നേരിട്ട് ആദ്യം മനസിലാവാത്ത അപ്രതീക്ഷിത മാനങ്ങള്‍ പിന്നീട് കൈവരാറുണ്ട്.
മലബാറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്വകാര്യ അഹങ്കാരമാണ് ആര്യാടനെന്ന തല മുതിര്‍ന്ന നേതാവ്. സംസ്ഥാന രാഷ്ട്രീയത്തില്‍ നിലമ്പൂര്‍ തേക്കിനേക്കാള്‍ ഉറപ്പും കരുത്തുമുണ്ടായിരുന്നു ആ ആര്യാടന്‍ ശൈലിക്ക്. നിലമ്പൂർ ഗവ.മാനവേദൻ ഹൈസ്കൂളിൽ വിദ്യാഭ്യാസം. സ്കൂളിലെ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു. രാഷ്ട്രീയം പോലെ തന്നെ ഫുട്ബോളിനൊപ്പം ക്രിക്കറ്റിനോടും വലിയ കമ്പം. ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയാണ് കോണ്‍ഗ്രസില്‍ സജീവ സാന്നിധ്യമാവുന്നത്. 1959ൽ വണ്ടൂർ ഫർക്ക കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി. 1960ൽ കോഴിക്കോട് ഡിസിസി സെക്രട്ടറിയായി. 69ൽ മലപ്പുറം ജില്ല രൂപവൽക്കരിച്ചപ്പോൾ പ്രഥമ ഡിസിസി അധ്യക്ഷനായി. 1965ലും 67ലും നിലമ്പൂരിൽ നിന്ന് നിയസഭയിലേക്ക് മല്‍സരിച്ചെങ്കിലും സിപിഎം നേതാവായിരുന്ന കെ.കുഞ്ഞാലിയോട് പരാജയപ്പെട്ടു. 1969ൽ ജൂലൈ 28ന് കുഞ്ഞാലി വധക്കേേസിൽ പ്രതി ചേര്‍ക്കപ്പെട്ടതോടെ ജയിൽവാസം അനുഭവിക്കേണ്ടി വന്നു. കുഞ്ഞാലി വധക്കേസില്‍ ഹൈക്കോടതി പിന്നീട് കുറ്റവിമുക്താനാക്കി. 1977ൽ നിലമ്പൂരിൽ നിന്ന് നിയസഭയിലെത്തി. ഇതോടെ ആര്യാടനൊപ്പം ഇടതു സ്വാധീനമേഖലയായിരുന്ന നിലമ്പൂരിന്‍റേയും ചരിത്രം മാറുകയായിരുന്നു. 1980ൽ എ ഗ്രൂപ്പ് ഇടത് മുന്നണിയുടെ ഭാഗമായതോടെ ആര്യാടനും മുന്നണി മാറി.
അതേ വർഷം എംഎൽഎ ആകാതെ ഇടത് മന്ത്രിസഭയിൽ വനം – തൊഴിൽ മന്ത്രിയായി. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ തോൽപ്പിച്ചു. തുടർന്നിങ്ങോട്ട് 1987 മുതൽ 2011വരെ എല്ലാ തിരഞ്ഞെടുപ്പുകളിലും ആര്യാടനായിരുന്നു ജയം. 1995ൽ എകെ ആന്റണി മന്ത്രി സഭയിൽ തൊഴിൽ ടൂറിസം മന്ത്രിയായി. 2005ലും 2011ലും ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നു.
തൊഴിൽ മന്ത്രിയായിരിക്കെ തൊഴിൽരഹിത വേതനവും, കർഷക തൊഴിലാളി പെൻഷനും നടപ്പാക്കി ചരിത്രം സൃഷ്ടിച്ചു. 2005ൽ വൈദ്യുതി മന്ത്രിയായിരിക്കെ ആർ.ജി.ജി.വൈ പദ്ധതിയിൽ മലയോരങ്ങളിൽ വൈദ്യുതി എത്തിച്ച് കെഎസ്ഇബിയക്ക് പുതിയ മുഖം നല്‍കിയതും ആര്യാടനാണ്. കമ്യൂണിസ്റ്റ് ശക്തി കേന്ദ്രമായിരുന്ന നിലമ്പൂരും മലപ്പുറത്തിന്‍റെ മലയോര മേഖലയും ആര്യാടന്‍ പ്രഭാവത്തിലാണ് കോണ്‍ഗ്രസ് സ്വാധീന മേഖലയാവുന്നത്. മുന്നണിയും സ്വന്തം പാര്‍ട്ടി സംവിധാനവും ഒന്നും നോക്കാതെ പറയാനുളളത് ആരോടും വെട്ടിത്തുറന്ന് പറയാനുളള ആര്‍ജവമാണ് ആര്യാടനെന്ന നേതാവിനെ വ്യത്യസ്തനാക്കിയിരുന്നത്. ആര്യാടന്‍ എയ്യുന്ന അമ്പ് ഒരു പക്ഷെ ചെന്നു പതിക്കുക നേരിട്ടായിരിക്കില്ല. ആര്യാടന്‍ തന്നെ ലക്ഷ്യമിട്ട മറ്റാര്‍ക്കെങ്കിലുമാവും. അതായത് ആര്യാടന്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന വിഷയങ്ങള്‍ രാഷ്ട്രീയ കേരളം സശ്രദ്ധം വീക്ഷിക്കുമായിരുന്നു. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കങ്ങള്‍ നടത്തിയിരുന്ന രാഷ്ട്രീയ തന്ത്രജ്ഞനാണ് ഒാര്‍മയാകുന്നത്. ഒപ്പം കേരള രാഷ്ട്രീയത്തിന് നഷ്ടമാകുന്നത് കറ കളഞ്ഞ മതേതര വാദിയേയും.
