
അരീക്കോട്: അരീക്കോട്ടെ സ്വകാര്യ കൊറിയർ സെന്ററിൽ എത്തിയ മാരക ലഹരിമരുന്നായ എൽ.എസ്.ടി വാങ്ങാൻ വന്ന രണ്ട് വിദ്യാർഥികൾ എക്സൈസ് പിടിയിൽ. വാലില്ലാപ്പുഴ സ്വദേശി ബി.ഫാം വിദ്യാർഥി രാഹുൽ (22), കോഴിക്കോട് കക്കാട് സ്വദേശി ദീപക് (22) എന്നിവരെയാണ് മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജി അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 735 എൽ.എസ്.ഡി സ്റ്റാമ്പാണ് പിടിച്ചെടുത്തത്.
തമിഴ്നാടുള്ള ഒരു അഡ്രസിൽനിന്നാണ് പുസ്തകത്തിനുള്ളിൽ സൂക്ഷിച്ച നിലയിൽ ലഹരി അരീക്കോട്ടെ കൊറിയർ സെന്ററിൽ എത്തിയത്. എക്സസൈസ് അസിസ്റ്റൻറ് കമീഷണർ ടി. അനികുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, സ്റ്റേറ്റ് എക്സസൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അരീക്കോട്ടെ കൊറിയർ സെന്റർ കേന്ദ്രീകരിച്ച് കഴിഞ്ഞ നാല് ദിവസമായി നിരീക്ഷണം നടത്തിവരുകയായിരുന്നു. ഇതിനിെടയാണ് വിദ്യാർഥികൾ എത്തിയത്. കൊറിയർ വാങ്ങി ബൈക്കിൽ പോകാനിരിക്കെയാണ് ഇവരെ പിടികൂടിയത്.
പിടികൂടിയ ലഹരിക്ക് വിപണിയിൽ അരക്കോടിയോളം രൂപ വിലമതിപ്പുണ്ടെന്ന് എക്സസൈസ് പറഞ്ഞു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിദ്യാർഥികളെയും ചെറുകിട കച്ചവടക്കാരെയും കേന്ദ്രീകരിച്ചുള്ള വിൽപനക്ക് എത്തിച്ചതാണ് ലഹരിയെന്ന് പ്രാഥമിക കണ്ടെത്തൽ.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അംഗങ്ങളായ സിവിൽ എക്സൈസ് ഓഫിസർ കെ. മുഹമ്മദലി, എം.എം. അരുൺ കുമാർ, പി.എസ്. ബസത് കുമാർ, രജിത്ത് ആർ. നായർ, ഡ്രൈവർ രാജീവ്, മഞ്ചേരി എക്സൈസ് സർക്കിൾ ടീം അംഗങ്ങളായ പ്രിവന്റീവ് ഓഫിസർ ആർ.പി. സുരേഷ് ബാബു, ഉമ്മർ കുട്ടി, സി.ടി. അക്ഷയ്, അബ്ദുൽ റഷീദ്, സബീർ, എം ഹരികൃഷ്ണൻ, ഡ്രൈവർ സന്തോഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
