
തിരുവനന്തപുരത്തുനിന്നുള്ള സൂപ്പര്‍ഫാസ്റ്റ് ബസില്‍ പന്തളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു പന്തളം സ്വദേശി ജയിംസ്. പന്തളം സ്റ്റാന്‍ഡില്‍ ഇറങ്ങിയശേഷമാണ് പഴ്സും മൊബൈലും കാണാനില്ലെന്ന് ജയിംസ് തിരിച്ചറിയുന്നത്. ഇരുപത്തിയയ്യായിരം രൂപ വിലവരുന്ന മൊബൈലാണ് നഷ്ടപ്പെട്ടത്. ഉടന്‍ തന്നെ മറ്റൊരു വാഹനത്തില്‍ ബസിനു പിന്നാലെ കുതിച്ചു. തിരുവല്ല പൊലീസിലും വിവരമറിയിച്ചു. സൂപ്പര്‍ ഫാസ്റ്റ് തിരുവല്ല സ്റ്റാന്‍ഡിലെത്തും മുമ്പ് ജയിംസും പൊലീസും സ്റ്റാന്‍ഡിലെത്തി.
ജിപിഎസ് പിന്തുടര്‍ന്ന് പൊലീസ്, ഫോണ്‍ അടിവസ്ത്രത്തില്‍
നഷ്ടപ്പെട്ട ഫോണിന്‍റെ ജിപിഎസ് പിന്തുടര്‍ന്ന പൊലീസ് മോഷ്ടാവിനെ ബസില്‍നിന്ന് പിടികൂടി. ജയിംസിന്‍റെ സമീപത്തായിരുന്നു പ്രതിയും ഇരുന്നത്. വിശദമായ പരിശോധനയില്‍ പ്രതിയുടെ അടിവസ്ത്രത്തില്‍നിന്ന് നഷ്‌ടപ്പെട്ട മൊബൈല്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി സോമനെയാണ് പൊലീസ് പിടികൂടിയത്. ജയിംസിന്‍റെ മൊബൈലിനൊപ്പം മറ്റ് രണ്ട് ഫോണും 1800രൂപ അടങ്ങുന്ന പഴ്സും പ്രതിയുടെ പക്കല്‍നിന്ന് കണ്ടെത്തി. കോട്ടയത്ത് നടത്തിയ പോക്കറ്റടി കേസില്‍ പിടിയിലായ സോമന്‍ കഴിഞ്ഞയാഴ്ചയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. മറ്റ് ജില്ലകളിലും സമാനമായ കേസുകളില്‍ സോമന്‍ പ്രതിയാണ്. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു.
