
എഴാമത്തെ കല്യാണത്തിന് നവവധുവായി ഒരുങ്ങിയെത്തിയ സ്ത്രീയെ മുൻഭർത്താവ് കയ്യോടെ പൊക്കി. ചെന്നൈയിലാണ് സംഭവം. വിവാഹത്തട്ടിപ്പുകാരിയായ മധുര സ്വദേശി സന്ധ്യായാണ് പിടിയിലായത്. യുവതി നേരത്തെ വിവാഹം കഴിച്ച പരമത്തിവെലൂര്‍ സ്വദേശി ധനബാലാ(37)ണ് ഇവരെ കൈയോടെ പിടികൂടിയത്. ഇവരോടൊപ്പം മറ്റ് മൂന്നുപേരും അറസ്റ്റിലായി.
പിടിയിലായ സന്ധ്യ, ഇതുവരെ ആറ് വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ബന്ധുക്കളെന്ന വ്യാജേന ചിലരെ സംഘടിപ്പിച്ചെത്തി യുവാക്കളെ വിവാഹം കഴിക്കുകയും ദിവസങ്ങള്‍ക്കുള്ളില്‍ വരന്റെ വീട്ടില്‍നിന്ന് പണവും ആഭരണങ്ങളുമായി മുങ്ങുകയും ചെയ്യുന്നതായിരുന്നു യുവതിയുടെ രീതി.
സെപ്റ്റംബര്‍ ഏഴാം തീയതിയാണ് സന്ധ്യയും പരമെത്തിവെലൂര്‍ സ്വദേശിയായ ധനബാലും വിവാഹിതരായത്. വിവാഹബ്രോക്കറായ ബാലമുരുകന്‍ എന്നയാള്‍ വഴിയാണ് ധനബാലിന് സന്ധ്യയുടെ വിവാഹാലോചന വന്നത്. വിവാഹത്തിന് ശേഷം ബ്രോക്കര്‍ക്ക് മാത്രം കമ്മീഷനായി ഒന്നരലക്ഷം രൂപ നല്‍കിയിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് മൂന്നാംദിവസം സന്ധ്യയെ ധനബാലിന്റെ വീട്ടില്‍നിന്ന് കാണാതായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആഭരണങ്ങളും പണവുമായി മുങ്ങിയതാണെന്ന് തിരിച്ചറിഞ്ഞത്. സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ ധനബാല്‍ യുവതിക്കെതിരേ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
ഈ സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം ധനബാലിന്റെ പരിചയത്തിലുള്ള മറ്റൊരാള്‍ക്ക് സന്ധ്യയുടെ വിവാഹാലോചന വന്നു മധുരയിലെ വിവാഹബ്രോക്കറായ ധനലക്ഷ്മി വഴിയായിരുന്നു ഈ ആലോചന. ബ്രോക്കര്‍ യുവതിയുടെ ഫോട്ടോ കാണിച്ചപ്പോള്‍ തന്നെ കബളിപ്പിച്ച് കടന്നുകളഞ്ഞ ആളാണെന്ന് വരന്റെ കൂട്ടർക്ക് മനസിലായി. ഇവർ ധനബാലിനെ വിവരമറിയിച്ചു. ഇതോടെ തട്ടിപ്പുസംഘത്തെ പൂട്ടാനുള്ള തന്ത്രമൊരുക്കുകയായിരുന്നു.
വിവാഹത്തിന് താത്പര്യമുണ്ടെന്ന് അറിയിച്ചാണ് തട്ടിപ്പുസംഘത്തെ ധനബാലും കൂട്ടരും വിളിച്ചുവരുത്തിയത്. തുടര്‍ന്ന് വിവാഹം ഉറപ്പിക്കുകയും വെള്ളിയാഴ്ച സന്ധ്യ അടക്കം നാലുപേര്‍ നാമക്കലിലെ തിരുച്ചങ്ങോട്ടേക്ക് വിവാഹത്തിനായി വരികയുമായിരുന്നു. പൊലീസിൽ നേരത്തെ വിവരമറിയിച്ചിരുന്നതിനാൽ പൊലീസ് സംഘവും വധുവിനെ കാത്ത് നിൽപ്പുണ്ടായിരുന്നു.
