
കൊല്ലം ചടയമംഗലത്ത് യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയതില്‍ ഭർത്താവ് അറസ്റ്റിൽ. അടൂർ പള്ളിക്കൽ സ്വദേശി ലക്ഷ്മിപിളളയുടെ മരണത്തില്‍ ചടയമംഗലം സ്വദേശി കിഷോറാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണാക്കുറ്റമാണ് കിഷോറിനെതിരെ ചുമത്തിയിരിക്കുന്നത്.
അടൂര്‍ പളളിക്കല്‍ ഇളംപള്ളിൽ വൈഷ്ണവത്തിൽ 24 വയസുളള ലക്ഷ്മിപിള്ളയുടെ മരണത്തില്‍ ഭര്‍ത്താവ് കിഷോര്‍ എന്ന് വിളിക്കുന്ന ഹരി എസ് കൃഷ്ണന് പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് കിഷോറിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വ രാവിലെ ചടയമംഗലം അക്കോണത്തെ കിഷോറിന്റെ വീട്ടില്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ലക്ഷ്മിയെ കണ്ടെത്തിയത്. കിഷോർ വിദേശത്തുനിന്ന് നാട്ടിലെത്തിയ ദിവസമായിരുന്നു ലക്ഷ്മിയുടെ ആത്മഹത്യ. വിദേശത്തു നിന്ന് വീട്ടിലെത്തിയപ്പോള്‍ കിടപ്പുമുറി അടച്ചിട്ടനിലയിലാണ് കണ്ടതെന്നും മുറി തുറന്ന് നോക്കിയപ്പോൾ ലക്ഷ്മിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെന്നുമായിരുന്നു കിഷോറിന്റെ മൊഴി.
അതേസമയം, കിഷോറിന്റെയും വീട്ടുകാരുടെയും മാനസികപീഡനമാണ് ലക്ഷ്മിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്ന് ലക്ഷ്മിയുടെ വീട്ടുകാര്‍ ആരോപിച്ചിരുന്നു. ലക്ഷ്മിയുടെ സഹോദരിയുടെ പേരിൽ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന പത്തുലക്ഷം രൂപ കിഷോർ ആവശ്യപ്പെട്ടതായും ഇതേച്ചൊല്ലി പലതവണ കിഷോറും ലക്ഷ്മിയും തമ്മിൽ വഴക്കുണ്ടായിരുന്നതായുമാണ് വിവരം. പണം ലഭിക്കാതായാപ്പോള്‍ ലക്ഷ്മിയെ കിഷോർ മാനസികമായി പീഡിപ്പിച്ചു. ലക്ഷ്മി മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ലക്ഷ്മിയുടെ മൊബൈല്‍നമ്പർ കിഷോര്‍ റദ്ദാക്കിയിരുന്നു. ഒരുവർഷം മുമ്പായിരുന്നു കിഷോറും ലക്ഷ്മിയും വിവാഹിതരായത്.
