
ഗർഭപാത്രം നീക്കം ചെയ്യാൻ എത്തിയ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായ യുവതിയുടെ രണ്ട് വൃക്കകളും കാണാതായ സംഭവത്തിൽ സ്വകാര്യ നഴ്സിങ് ഹോമിനെതിരെ അന്വേഷണം. ബിഹാറിലെ പട്നയിൽ നിന്നാണ് ഈ നടുക്കുന്ന വാർത്ത. ഈ മാസം മൂന്നിനാണ് ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കായി യുവതി ശുഭ്കാന്ത് ക്ലിനിക് എന്ന നഴ്സിങ് ഹോമിലെത്തിയത്.
ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയിട്ടും വയറുവേദന മാറാതെ വന്നതോടെ മറ്റൊരു ആശുപത്രിയിൽ ചികിൽസ തേടി. ഇവിടെ പരിശോധിക്കുമ്പോഴാണ് യുവതിയുടെ രണ്ട് വൃക്കകളും നീക്കം ചെയ്തതായി ഡോക്ടർമാർ പറഞ്ഞത്. നിലവിൽ യുവതി അതീവഗുരുതരാവസ്ഥയിൽ ഇന്ദിര ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിൽസയിൽ തുടരുകയാണ്.
നിരന്തരം ഡയാലിസിസ് ചെയ്യുന്നുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി. നഴ്സിങ് ഹോമിന്റെ ഉടമയെയും ശസ്ത്രക്രിയ നടത്തിയ ഡോക്ടറെയും കണ്ടെത്താൻ മൂന്ന് പ്രത്യേക സംഘങ്ങൾ അന്വേഷണം ആരംഭിച്ചെന്നും ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം യുവതിയുടെ രണ്ട് വൃക്കകളും നീക്കം ചെയ്തോ എന്ന് ഉറപ്പിക്കാൻ കൂടുതൽ പരിശോധനകൾ വേണ്ടിവരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
