അർബുദം രണ്ടാമതും വന്നപ്പോൾ കീഴടങ്ങാൻ തീരുമാനിച്ചു, ദൈവം തിരിച്ചുവിളിക്കാൻ​ പ്രാർത്ഥിച്ച രാത്രികളുണ്ട്’: മംമ്ത

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മംമ്ത മോഹൻദാസ്. നടി എന്ന നിലയിലും ഗായിക എന്ന നിലയിലും നിറയെ ആരാധകരാണ് താരത്തിന് ഉള്ളത്. 2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാള ചിത്രത്തിലൂടെ ആയിരുന്നു മംമ്ത മോഹൻ‌ദാസിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരുടെ ചിത്രങ്ങളിൽ മംമ്ത ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. തുടർന്ന് കൈ നിറയെ അവസരങ്ങൾ താരത്തെ തേടിയെത്തുകയായിരുന്നു.

മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും മംമ്ത അഭിനയിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലുമാണ് താരത്തിന് അവസരം ലഭിച്ചത്. 2006 ൽ തെലുങ്കിലെ മികച്ച പിന്നണി ഗായികക്കുള്ള ഫിലിം ഫെയർ അവാർഡ് നേടിയ മംമ്ത , 2010 ൽ ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ഫിലിം അവാർഡും നേടി. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മന ആണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ക്ക് പുറമെ തന്റെ ജീവിത പോരാട്ടങ്ങൾ കൊണ്ട് പലര്‍ക്കും പ്രചോദനമായി മാറിയ താരമാണ് മംമ്ത. അർബുദത്തോട് പോരാടി അതിനെ അതിജീവിച്ചാണ് മംമ്ത പലര്‍ക്കും പ്രചോദനമായി മാറിയത്. ഇപ്പോഴിതാ, തന്റെ അതിജീവനത്തെ കുറിച്ച് ഒരിക്കൽ കൂടി ഓർക്കുകയാണ് മംമ്ത മോഹൻദാസ്. മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രണ്ട് തവണ അർബുദത്തെ അതിജീവിച്ചതിനെ കുറിച്ച് മംമ്ത പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.

‘സിനിമയിൽ തിരക്കായി, ഒ​ട്ടേറെ മികച്ച കഥാപാത്രങ്ങളും കൈയിലിരിക്കെയാണ് അർബുദം തേടിയെത്തുന്നത്. രോഗം തിരിച്ചറിയുമ്പോൾ 24 വയസ്സായിരുന്നു. സമപ്രായക്കാരിലും കൂട്ടുകാർക്കുമിടയിൽ എന്റെ രോഗവിവരം ഞെട്ടലിനൊപ്പം അത്ഭുതവുമായിരുന്നു​. കൂട്ടുകാ​ർ പലപ്പോഴും മദ്യപാനമോ പുകവലിയോ ചിട്ടയല്ലാത്ത ജീവിതമോ തേടി പോകുേമ്പാൾ, എല്ലാറ്റിനോടും നോ പറഞ്ഞ്, ഡയറ്റും പതിവ്​ വ്യായാമവുമായി ചിട്ടയായ ജീവിതം നയിച്ച എനിക്ക്​ അർബുദമാണെന്ന്​ തിരിച്ചറിഞ്ഞപ്പോൾ അവർക്കുമതൊരു വണ്ടറായി,’

‘രോഗം ഒരു സത്യമാണെന്ന്​ തിരിച്ചറിഞ്ഞപ്പോൾ ഡാഡിയും മമ്മിയും പതറാതെ തന്നെ നേരിട്ടു. അവർ നൽകിയ ധൈര്യമാണ് എനിക്ക് മനോവീര്യമേകിയത്​. എങ്കിലും, കീമോയും റേഡിയേഷനും അതിന്റെ പാർശ്വഫലങ്ങളും നിറഞ്ഞ ആറുമാസം അത്ര നിസ്സാരമായിരുന്നില്ല. ചികിത്സ കഴിഞ്ഞ്​ വൈകാതെ സിനിമയിൽ തിരിച്ചെത്തി. അപ്പോൾ ചെയ്ത സിനിമയായിരുന്നു കഥ തുടരുന്നു,’ മംമ്ത പറഞ്ഞു.

2014ൽ മജ്ജ മാറ്റിവെക്കൽ ശസ്​ത്രക്രിയ കഴിഞ്ഞതിനു പിന്നാലെ അർബുധനം വീണ്ടും വന്നത് തന്നെ തളർത്തിയെന്ന് താരം പറഞ്ഞു​. കൂടുതൽ ശക്തമായിരുന്നു ആ വരവ്​, കടുത്ത വേദനയും ശാരീരിക അവശതകളും കാരണം പോരാട്ടം അവസാനിപ്പിച്ച്​ കീഴടങ്ങാൻ തന്നെ തീരുമാനിച്ചു. 2009 ൽ തുടങ്ങിയ മല്ലിടൽ ഇനി മുന്നോട്ടുപോവില്ലെന്ന്​ ​ഉറപ്പിച്ചു. വേദനകളിൽനിന്നും ദൈവം തിരിച്ചുവിളിക്ക​ട്ടെയെന്ന്​ എല്ലാ രാത്രികളിലും ആത്മാർഥമായി പ്രാർഥിച്ചു. അവസാനിപ്പിച്ച്​ ഞാൻ മടങ്ങിയാലെങ്കിലും മാതാപിതാക്കൾക്ക്​ ഒരു സാധാരണ ജീവിതം സാധ്യമാവുമല്ലോ എന്നായിരുന്നു പ്രാർത്ഥനയെന്ന് മംമ്ത പറഞ്ഞു.

‘അമേരിക്കയിൽ നിന്നുള്ള ക്ലിനിക്കൽ ട്രയൽ എന്നെ തേടിയെത്തിയത് ഒരു മിറാക്കിൾ ആയിരുന്നു​. ഡാഡിയുടെ പ്രാർഥനയുടെ ഉത്തരമെന്നാണ്​ ഞാൻ ഇന്നും വിശ്വസിക്കുന്നത്​. അർബുദത്തിനെതിരായ ഒരു ഗവേഷണത്തിൽ പരീക്ഷണവസ്​തുവായി ഞാനും നിൽക്കുകയായിരുന്നു. ഇമ്യൂണോ തെറപ്പിയെന്ന ആ ട്രയലിനായി തിരഞ്ഞെടുത്ത 22 പേരിൽ ഏറ്റവും പ്രായം കുറഞ്ഞയാളും അമേരിക്കൻ വംശജയല്ലാത്ത ഏകവ്യക്തിയും ഞാനായിരുന്നു.

ലോസ് ആഞ്ജലസിൽ താമസിച്ചുള്ള ആ ചികിത്സ വിജയകരമായി. മരുന്ന്​ ഫലിച്ചു, ഓരോ ദിവസവും കീഴടക്കിക്കൊണ്ടിരുന്ന രോഗത്തിനുമേൽ ഞാൻ നടുനിവർത്തി നിന്നുതുടങ്ങി. എട്ടുവർഷമായി ആ പുതിയ ചികിത്സയിലൂടെ അർബുദത്തെ തോൽപിച്ച്​ ഞാൻ പിടിച്ചു നിൽക്കുന്നു,’ മംമ്ത പറയുന്നു. ഇന്നും ആഴ്​ചയിൽ ഒരാളെങ്കിലും ചികിത്സയെ കുറിച്ച്​ അറിയാനും ഉപദേശം തേടാനുമായി തന്നെ ബന്ധപ്പെടാറുണ്ട്. ഭാവിയിൽ എന്തും നേരിടാൻ സജ്ജമായാണ് തന്റെ മുന്നോട്ട് പോക്കെന്നും മംമ്ത പറഞ്ഞു.

അർബുദം രണ്ടാമതും വന്നപ്പോൾ കീഴടങ്ങാൻ തീരുമാനിച്ചു, ദൈവം തിരിച്ചുവിളിക്കാൻ​ പ്രാർത്ഥിച്ച രാത്രികളുണ്ട്’: മംമ്ത

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes