
!
രണ്ടര പതിറ്റാണ്ടിലേറെയായി ലോക സുന്ദരി എന്ന വാക്കിനൊപ്പം ഇന്ത്യക്കാരുടെ മനസിൽ തെളിയുന്ന മുഖം ഐശ്വര്യ റായ് ബച്ചന്‍ എന്ന ആഷിന്റേതാണ്. ബോളിവുഡിലും കോളിവുഡിലുമെല്ലാം സിനിമാ ആസ്വാദകരുടെ പ്രിയം നേടിയ ഐശ്വര്യ റായി നാൽപ്പത്തിയെട്ട് പിന്നിട്ടുവെന്നത് പലർക്കും വിശ്വസിക്കാൻ കഴിയാത്ത ഒന്നാണ്.
1973 നവംബർ ഒന്നിനാണ് ഐശ്വര്യയുടെ ജനനം. അച്ഛൻ മറൈൻ ബയോളജിസ്റ്റായ കൃഷ്ണരാജ് റായ്. അമ്മ എഴുത്തുകാരി വൃന്ദ റായ്. മോഡലിങ്ങിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം.
1994ൽ ലോകസുന്ദരി പട്ടം നേടിയതോടെയാണ് ഐശ്വര്യ പ്രശസ്തയാവുന്നത്. 1997ൽ മണിരത്നം സംവിധാനം ചെയ്ത ഇരുവർ ആയിരുന്നു ഐശ്വര്യയുടെ ആദ്യ ചിത്രം. മോഹൻലാലിന്റെ നായികയായിട്ടായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. 1998ൽ പുറത്തിറങ്ങിയ ജീൻസാണ് ഐശ്വര്യയെ ശ്രദ്ധേമാക്കിയ മറ്റൊരു ചിത്രം.
ഓർ പ്യാർ ഹോ ഗെയാണ് ഐശ്വര്യയുടെ ആദ്യ ബോളിവുഡ് ചിത്രം. പക്ഷെ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് സഞ്ജയ് ലീല ബൻസാലിയുടെ ഹം ദിൽ ദേ ചുകേ സനം എന്ന സിനിമയിലൂടെയാണ് ഐശ്വര്യ ബോളിവുഡിൽ ശ്രദ്ധ നേടുന്നത്.
ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിച്ചു. തുടർന്ന് വലുതും ചെറുതുമായ നിരവധിയേറെ ചിത്രങ്ങളിലൂടെ ഐശ്വര്യ ബോളിവുഡിൽ തന്റെ സ്ഥാനം ഉറപ്പിച്ചു.
സഞ്ജയ് ലീലാ ബൻസാലിയുടെ ദേവദാസാണ് അന്തർദ്ദേശീയ തലത്തിൽ ഐശ്വര്യയെ ശ്രദ്ധേയയാക്കിയ ചിത്രങ്ങളിലൊന്ന്. 2002ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട ദേവദാസിനെ മില്ലേനിയത്തിലെ മികച്ച പത്ത് ചിത്രങ്ങളായി ടൈം മാഗസിൻ തിരഞ്ഞെടുത്തിരുന്നു.
അഴക് മാത്രമേയുള്ളൂ അഭിനയമികവില്ലെന്ന് ആദ്യകാലത്ത് വിമർശിച്ചവർക്ക് തന്റെ സിനിമകളിലൂടെ തന്നെ ഐശ്വര്യ ഉത്തരം കൊടുത്തു.
ബോളിവുഡിൽ തിരക്കിലായിരിക്കുമ്പോഴും തമിഴ്, ബംഗാളി സിനിമകളിലും ഐശ്വര്യ അഭിനയിച്ചു. തമിഴിൽ 2010 ൽ പുറത്തിറങ്ങിയ രാവണനും യന്തിരനും ഐശ്വര്യയുടെ വിജയ ചിത്രങ്ങളാണ്.
ബ്രൈഡ് ആൻ പ്രിജുഡിസ്, മിസ്‌ട്രസ് ഓഫ് സ്പൈസസ്, ലാസ്റ്റ് ലിജിയൻ എന്നിവ ഐശ്വര്യയെ അന്തർദ്ദേശീയ തലത്തിൽ പ്രശസ്തയാക്കിയ മറ്റ് ചിത്രങ്ങളാണ്.
2007ൽ നടൻ അഭിഷേക് ബച്ചനെ വിവാഹം കഴിച്ചതോടെ അഭിനയത്തിൽ നിന്നും തൽക്കാലികമായി വിട്ട് നിന്ന ഐശ്വര്യ മകൾ ആരാധ്യയുടെ ജനനശേഷമാണ് വീണ്ടും ബോളിവുഡിൽ സജീവയായത്.
കരിയറും കുടുംബവും പാരന്റിംഗുമെല്ലാം ബാലൻസ് ചെയ്ത് കൊണ്ടുപോകുന്ന ഐശ്വര്യ ഏറെ പേർക്ക് മാതൃകയായൊരു വ്യക്തിത്വമാണ്. ഗർഭിണിയായ ശേഷം ഐശ്വര്യ ഏത് മറച്ച് വെച്ച് ഹീറോയിൻ എന്ന സിനിമയിൽ ലീഡ് റോൾ ചെയ്യാമെന്ന് സമ്മതിച്ച് കരാർ ഒപ്പിട്ടിരുന്നു.
പിന്നീട് സംവിധായകൻ സത്യാവസ്ഥ മനസിലാക്കിയതോ ഐശ്വര്യ റായിയെ മാറ്റി കരീന കപൂറിനെ നായികയാക്കി. സംവിധായകൻ മധുർ ഭണ്ഡാർക്കറാണ് ഐശ്വര്യയുടെ വിചിത്രമായ പ്രവൃത്തിയെ കുറിച്ച് വെളിപ്പെടുത്തിയത്. ‘എന്റെ വിയർപ്പും ചോരയും നൽകി ചെയ്ത സ്വപ്ന പദ്ധതിയായിരുന്നു ഹീറോയിൻ എന്ന സിനിമ.’
‘ഹീറോയിൻ രണ്ട് ലൊക്കേഷനുകളിൽ ചിത്രീകരിക്കാൻ കഴിയുന്ന ഒരു സാധാരണ സിനിമയായിരുന്നില്ല. 40 ഓളം ലൊക്കേഷനുകളിലായി ഒരു വലിയ ക്യാൻവാസിൽ ഉൾക്കൊള്ളുന്ന സിനിമയായിരുന്നു. ചിത്രത്തിൽ ഡാൻസ്, അഡൾട്ട് സീൻ തുടങ്ങി ഒട്ടനവധി കണ്ടന്റുകൾ അടങ്ങിയതാണ്.’
‘അന്ന് അവരെ വെച്ച് സിനിമയെടുത്ത് എന്തെങ്കിലും സംഭവിച്ചാൽ എന്റെ ജീവിതത്തിലുടനീളം ഞാൻ വലിയ കുറ്റബോധം അനുഭവിക്കുമായിരുന്നു. സിനിമയിൽ നായിക പുകവലിക്കേണ്ട സീൻ വരെ ഉണ്ടായിരുന്നു. പുകവലി ഗർഭിണിയായ സ്ത്രീയുടെ ആരോഗ്യത്തിന് ഹാനികരമാണല്ലോ.’
’ഐശ്വര്യ ഗർഭിണിയാണെന്ന വിവരം ഞാൻ ഒരു ന്യൂസ് ചാനൽ വഴിയാണ് അറിഞ്ഞത്. പിന്നീട് എന്ത് ചെയ്യണമെന്ന് അറിയാത്ത സ്ഥിതിയായിരുന്നു’ സംവിധായകൻ മധുർ ഭണ്ഡാർക്കർ പറഞ്ഞു.
