
‘
നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റർഡേ നൈറ്റിന്റെ റിലീസ് മാറ്റി വെച്ചു. സെപ്റ്റംബർ 29-നായിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാൽ ഒക്ടോബർ ആദ്യ വാരത്തിന് ശേഷമായിരിക്കും ചിത്രം റിലീസ് ചെയ്യുക. റിലീസുമായി ബന്ധപ്പെട്ട് നിർമ്മാണ കമ്പനി തിയറ്റർ ഉടമകളുമായി സംസാരിച്ചുവെന്നാണ് സൂചനകൾ ലഭിക്കുന്നത്. ആരാധകർ ഏറെ കാത്തിരുന്ന മോഹൻലാൽ ചിത്രം മോൺസ്റ്റർ, മമ്മൂട്ടി ചിത്രം റോഷാക്ക് എന്നിവയും ഈ മാസം റിലീസ് ചെയ്യില്ല എന്ന് അറിയിച്ചിരുന്നു.
മോൺസ്റ്ററും, റോഷാകും ഒക്ടോബർ റിലീസ് ആയി എത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഈ രണ്ട് ചിത്രങ്ങൾ മാറ്റി വെച്ചതിന് പിന്നാലെ തന്നെയാണ് നിവിൻ പോളിയുടെ സാറ്റർഡേ നൈറ്റും റിലീസ് നീട്ടിയിരിക്കുന്നത്. അതേസയം, സുരേഷ് ഗോപി നായകനായി എത്തുന്ന ‘മേം ഹൂം മൂസ’ ഈ മാസം അവസാനം തന്നെ റിലീസ് ചെയ്യും. സെപ്റ്റംബർ 30-നാണ് ‘മേ ഹൂം മൂസ’ തിയറ്ററുകളിൽ എത്തുക.
സെപ്റ്റംബർ 30-ന് മണിരത്‍നം ഒരുക്കിയിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ’ റിലീസ് ചെയ്യും. ബോക്സ് ഓഫീസിൽ വെന്നിക്കൊടി പാറിക്കാൻ പോകുന്ന മറ്റൊരു ചിത്രമാകും പൊന്നിയിൻ സെൽവൻ എന്നാണ് കണക്ക് കൂട്ടലുകൾ. ജയറാം, ബാബു ആന്റണി, റിയാസ് ഖാൻ ഐശ്വര്യ ലക്ഷ്മി, വിക്രം, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ഐശ്വര്യാ റായ്, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി വലിയ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പൊന്നിയിവൻ സെൽവൻ, മേ ഹൂം മൂസ എന്നീ ചിത്രങ്ങളെ കൂടാതെ ധനുഷിന്റെ നാനേ വരുവേനും ഈ മാസം റിലീസ് ചെയ്യും.
