വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സാനിറ്ററി പാഡുകൾ ലഭ്യമാക്കണമെന്ന വിദ്യാർഥിനികളുടെ ആവശ്യത്തോട് വിചിത്രമായി പ്രതികരിച്ച് ബിഹാർ വനിത വികസന കോർപറേഷൻ മേധാവി. ഇന്ന് നിങ്ങൾ പാഡ് ചോദിച്ചു, നാളെ നിങ്ങൾ കോണ്ടം ചോദിക്കുമെന്നായിരുന്നു ഹര്‍ജോത് കൗറിന്റെ പ്രതികരണം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തായതോടെ ഇവർക്ക് എതിരെ വൻ വിമർശനമാണ് ഉയരുന്നത്.
സാനിറ്ററി പാഡുകൾ സൗജന്യമായി നൽകണമെന്ന് വിദ്യാർഥിനികൾ ആവശ്യപ്പെടുന്നത് വിഡിയോയിൽ കാണാം. എന്നാൽ വിദ്യാർഥിനികളുടെ ആവശ്യത്തോട് അതിരൂക്ഷ ഭാഷയിലായിരുന്നു കൗറിന്റെ പ്രതികരണം. നിങ്ങളുടെ ആവശ്യങ്ങൾ ഒരു കാലത്തും അവസാനിക്കില്ലെന്നും അവർ പറയുന്നുണ്ട്.
‘നാളെ നിങ്ങൾ സർക്കാരിനോട് ജീൻസ് വേണമെന്ന് പറയും, നല്ല ഷൂ വേണമെന്ന് പറയും. എന്നാൽ കുടുംബാസൂത്രണത്തിന്റെ കാര്യം വരുമ്പോൾ പാഡല്ല, കോണ്ടം വേണമെന്ന് പറയും’ എന്നും കൗർ പറഞ്ഞു. എന്നാൽ ഇലക്ഷൻ സമയത്ത് സർക്കാർ ധാരാളം വാഗ്ദാനം ചെയ്യാറുണ്ടല്ലോ എന്ന ചോദ്യത്തോട് പറ്റില്ലെങ്കിൽ പാക്കിസ്ഥാനിലേക്ക് പൊയ്ക്കോളൂ എന്നായിരുന്നു കൗറിന്റെ മറുപടി.