
ഒറ്റപ്പാലം കോതകുറുശിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കിഴക്കേപുരയ്ക്കൽ രജനിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് കൃഷ്ണദാസനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണം തടയുന്നതിനിടെ വെട്ടേറ്റ ഇവരുടെ മകൾ അനഘയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച പുലർച്ച രണ്ടോടെയാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണു പൊലീസ് നിഗമനം. മുറിയിൽ കിടന്നുറങ്ങുകയായിരുന്ന രജനിയെ മടവാൾ ഉപയോഗിച്ചു ഭര്‍ത്താവ് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് മകൾ അനഘക്ക് വെട്ടേറ്റത്. രജനിയുടെ കഴുത്തിലും താടിയിലും ആഴത്തില്‍ മുറിവേറ്റു. രജനിയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അനഘയുടെ തലയ്ക്കാണ് പരുക്ക്. നിലവിളി കേട്ടെത്തിയ അയല്‍വാസികളും ബന്ധുക്കളുമാണ് ആയുധം ബലമായി പിടിച്ച് വാങ്ങിയത്. ഇതിനിടെ കൃഷ്ണദാസന്റെ കൈയ്യിലും മുറിവേറ്റു. അതേസമയം, ദമ്പതികൾക്കിടയിൽ പ്രശ്നങ്ങളുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നു നാട്ടുകാരും ജനപ്രതിനിധികളും.
ആക്രമണ വിവരമറിഞ്ഞ് വീട്ടിലെത്തിയ പൊലീസ് കൃഷ്ണദാസനെ കസ്റ്റഡിയിലെടുത്തു. ആക്രമിക്കാന്‍ ഉപയോഗിച്ച മടവാള്‍ വീട്ട് വളപ്പില്‍ നിന്ന് കണ്ടെത്തി. പൊലീസിന്റെ ശാസ്ത്രീയ പരിശോധന വിഭാഗങ്ങൾ ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധിച്ചു. അനഘ തീവ്രപരിചരണ വിഭാഗത്തിലാണ് ചികില്‍സയിലുള്ളത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രജനിയുടെ മൃതദേഹം ഐവര്‍മഠത്തില്‍ സംസ്ക്കരിച്ചു.
