
തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ ഓണം ബമ്പര്‍ 25 കോടി അടിച്ച തിരുവനന്തപുരം സ്വദേശി അനൂപ് ഇപ്പോള്‍ കഷ്ടകാലത്തിലാണ്. ഇത്രയും വലിയ തുക ലഭിച്ചിട്ടും അനൂപിന് സന്തോഷത്തോടെ ഒന്നുറങ്ങാന്‍ പോലും സാധിക്കുന്നില്ല. എന്തിന്, സ്വന്തം മകനെയും ഭാര്യയെയും മകനെയും കാണാന്‍ വീട്ടില്‍ പോലും പോകാന്‍ പറ്റാത്ത അവസ്ഥയാണ്. പണവും സഹായവും ചോദിച്ചെത്തുന്നവരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് അനൂപ്.
ചുരുക്കിപ്പറഞ്ഞാല്‍ അനൂപിന്റെ സമാധാനം ആകെ നഷ്ടപ്പെട്ട അവസ്ഥയിലാണ്. പണം ചോദിച്ചെത്തുന്നവര്‍ ഒരു വശത്തും പ്രലോഭനങ്ങളില്‍ വീര്‍പ്പുമുട്ടിക്കുന്നവരാണ് ഒരു വശത്ത്. എന്നാല്‍ ഇപ്പോഴിതാ തനിക്ക് ഇത്രയും വലിയ തുക കിട്ടേണ്ടിയിരുന്നില്ല എന്നാണ് അനൂപ് പറയുന്നത്. രണ്ടാം സമ്മാനമോ മൂന്നാം സമ്മാനമോ അടിച്ചാല്‍ മതിയെന്നാണ് അനൂപിന്റെ ഇപ്പോഴത്തെ നിലപാട്.
25 കോടിയുടെ സമ്മാനം ആദ്യമായാണ് ലോട്ടറി വകുപ്പ് നല്‍കുന്നത്. എന്നാല്‍ ഇത്രയും വലിയ തുക ഒരാള്‍ക്ക് നല്‍കണോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയരുന്നത്. ഒരാള്‍ക്ക് 25 കോടി നല്‍കുന്നതിന് പകരം 25 പേര്‍ക്ക് ഇത്രയും തുക വീതിച്ച് നല്‍കുന്ന സമ്പ്രദായം നടപ്പാക്കിക്കൂടെയാണ് എന്നാണ് പലരും ചോദിക്കുന്നത്.
ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ നികുതി ഭാരവും മറ്റും നോക്കേണ്ട കാര്യമില്ല. ഒരുപാട് ഭാഗ്യശാലികളെ ഒറ്റയടിക്ക് സൃഷ്ടിക്കാനും കഴിയുമായിരുന്നു. സര്‍ക്കാരിനെ സംബന്ധിച്ചും അത് ഒരു മുതല്‍ക്കൂട്ടായിരുന്നു. ഈ പറഞ്ഞ രീതിയില്‍ ചെയ്തിരുന്നെങ്കില്‍ അനൂപിനെ പോലുള്ളവര്‍ക്ക് ഈ അവസ്ഥ നേരിടേണ്ടി വരില്ലായിരുന്നു.
അതേസമയം, അനൂപിന്റെ അവസ്ഥ ഇപ്പോഴും പരിതാപകരമാണ്. അസുഖമായ കുഞ്ഞിനെ പോലും കാണാന്‍ കഴിയുന്നില്ല. 24 മണിക്കൂറും ആളുകള്‍ അനൂപിന്റെ വാതില്‍ മുട്ടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ തനിക്ക് പണം ലഭിച്ചിട്ടില്ലെന്നും തന്റെ ബുദ്ധിമുട്ടും വിഷമവും മനസിലാക്കണമെന്നും അനൂപ് ഷെയര്‍ ചെയ്ത വീഡിയോയില്‍ പറയുന്നു.
അനൂപിന്റെ അതേ അവസ്ഥയിലാണ് മായയും ഉള്ളത്. ലോട്ടറി അടിക്കേണ്ടിയിരുന്നില്ലെന്നാണ് തോന്നുന്നതെന്ന് മായ പറഞ്ഞു. അനൂപിന് വീട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. സമാധാനം ഇല്ലാതെ പണം കിട്ടിയ പോലെയാണ്. ബാങ്കുകാര്‍ ഒരു ഭാഗത്ത് നിന്നും, മറ്റേ ഭാഗത്ത് നിന്ന് ദാരിദ്ര്യം പറഞ്ഞ് വരുന്നവരുമുണ്ട്. രണ്ടോ മൂന്നോ കോടി കൊടുത്താല്‍ സിനിമ നിര്‍മിക്കാം, അഭിനയിപ്പിക്കാം എന്നൊക്കെ പറഞ്ഞ് വരുന്നവരുമുണ്ട്. ചെന്നൈയില്‍ നിന്ന് വരെ സഹായം ചോദിച്ചെത്തിയവരുണ്ട്. ഇവരെല്ലാം പണം വേണമെന്ന ഡിമാന്റാണ് മുന്നോട്ട് വെക്കുന്നത്.
സമാധാനമില്ല, ബാങ്കുകാരും ദാരിദ്ര്യം പറഞ്ഞ് വരുന്നവരും ഒരുവശത്ത്; തുറന്ന് പറഞ്ഞ് അനൂപിന്റെ ഭാര്യ
25 കോടി രൂപയാണ് അനൂപിന് ലഭിച്ചത്. എന്നാല്‍ ഇതിന്റെ മുഴുവന്‍ തുകയും അനൂപിന് ലഭിക്കില്ല. 15.75 കോടിയാണ് നികുതിയും കഴിച്ച് അനൂപിന് ലഭിക്കുക. 2.5 കോടി ഏജന്‍സി കമ്മിഷനാണ്. ലോട്ടറി ജേതാക്കള്‍ക്ക് ഭാഗ്യക്കുറി വകുപ്പ് നല്‍കുന്ന സാമ്പത്തിക പരിശീലന പരിപാടിയില്‍ അനൂപും പങ്കെടുക്കും. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഉടനുണ്ടാകും.
