
ഭോപ്പാൽ: പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ബാഗിൽ നിന്ന് മൂർഖൻ പാമ്പിനെ കണ്ടെത്തുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. മദ്ധ്യപ്രദേശിൽ ഷാജാപൂരിലെ ബഡോണി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ അദ്ധ്യാപകനാണ് പാമ്പിനെ ബാഗിൽ നിന്ന് കണ്ടെത്തുന്നത്. പത്താം ക്ലാസ് വിദ്യാർത്ഥിയായ ഉമാ രാജാക്കിന്റെ ബാഗിനുള്ളിലാണ് മൂർഖൻ കയറിയത്.
ബാഗിനുള്ളിൽ എന്തോ അനങ്ങുന്നത് ശ്രദ്ധയിൽ പെട്ട വിദ്യാർത്ഥിനിയാണ് കാര്യം അദ്ധ്യാപകരെ അറിയിക്കുന്നത്. ഉടനെ തന്നെ അദ്ധ്യാപകൻ ബാഗെടുത്ത് പുറത്ത് വച്ചു. ഇതിന് ശേഷം ബാഗ് തുറന്ന് പരിശോധിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ബാഗ് തുറക്കുമ്പോഴും ഇതിനുള്ളിൽ നിന്ന് ഒന്നും പുറത്ത് വരുന്നില്ല.
തുടർന്ന് ബാഗ് കുടയുമ്പോൾ ചില പുസ്തകങ്ങൾ മാത്രമാണ് പുറത്ത് ചാടുന്നത്. വീണ്ടും ബാഗെടുത്ത് കുടഞ്ഞപ്പോഴാണ് ബാഗിനുള്ളിൽ നിന്ന് മൂർഖൻ ചാടി വരുന്നത്. പുറത്തെത്തിയ പാമ്പ് ഇഴഞ്ഞു പോകുന്നതും ദൃശ്യങ്ങളിൽ കാണാം. അദ്ധ്യാപകന്റെ കൃത്യമായ ഇടപെടലിലൂടെ വലിയ അപകടമാണ് ഒഴിവായത്.

