
കോമൺവെൽത്ത് ഗെയിംസിൽ ടേബിൾ ടെന്നിസിൽ സ്വർണമെഡൽ നേടിയ ഭവിന പട്ടേലിന്റെ ഓട്ടോഗ്രാഫോടു കൂടിയ റാക്കറ്റ്, അതേ ഗെയിംസിൽ പങ്കെടുത്ത ഗുസ്തി ടീം അംഗങ്ങൾ ഒപ്പിട്ട ടീഷർട്ട്, നാഷനൽ പൊലീസ് മെമ്മോറിയലിന്റെ മാതൃക, ചെന്നൈയിൽ നടന്ന ചെസ് ഒളിംപ്യാഡ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ ഉപഹാരമായി ലഭിച്ച ഭാഗ്യചിഹ്നം തമ്പിയുടെ മാതൃക….പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലഭിച്ച ഉപഹാരങ്ങളുടെ പ്രദർശനത്തിൽ ഇങ്ങനെ പലതുമുണ്ട് കാണുവാൻ.
സമ്മാനമായി ലഭിച്ച 1200ലേറെ ഉൽപന്നങ്ങൾ നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്ടിലാണു പ്രദർശിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 2 വരെയുണ്ട് പ്രദർശം. ഇവയുടെ ഓൺലൈൻ വിൽപനയും സമാന്തരമായി പുരോഗമിക്കുന്നുണ്ട്. ഇതുവരെ ഏറ്റവുമധികം ആവശ്യക്കാർ വന്നിരിക്കുന്നത് ‘തമ്പി’ ശിൽപത്തിലാണ്. 5 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്ന ശിൽപത്തിനു ഇതുവരെ 53 പേർ വില പറഞ്ഞു. 6.15 ലക്ഷം രൂപയാണ് ഏറ്റവും ഉയർന്ന നിരക്ക്.
കഴിഞ്ഞ വർഷം ടോക്കിയോയിൽ നടന്ന പാരാലിംപിക്സിൽ സ്വർണമെഡൽ നേടിയ ഷൂട്ടിങ് താരം മനീഷ് നർവാലിന്റെ ഒപ്പിട്ട ടി ഷർട്ടിനു 10 ലക്ഷം രൂപയാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്. ഇതിനു 13.20 ലക്ഷം വരെ വില പറഞ്ഞ് ആളെത്തി. കൂട്ടത്തിൽ ഏറ്റവും മൂല്യമേറിയതും നിലവിൽ ഇതാണ്. ചിത്രങ്ങൾ, ശിൽപങ്ങൾ, നാടോടി കലാരൂപങ്ങൾ എന്നിവയെല്ലാം പ്രദർശനത്തിലുണ്ട്. ശിവഗിരിമഠം സമ്മാനിച്ച ശ്രീനാരായണഗുരുവിന്റെ പ്രതിമയും ലേലത്തിലുണ്ട്. ഇതിന്റെ അടിസ്ഥാനവില 5400 രൂപയാണ്.
ഇന്ത്യാഗേറ്റിൽ സ്ഥാപിച്ചിരിക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസ് ശിൽപത്തിന്റെ മാതൃകയ്ക്കു 5 ലക്ഷം രൂപയാണ് അടിസ്ഥാന വില. ഇതിനു 6.15 ലക്ഷം രൂപ വരെ വില പറഞ്ഞു കഴിഞ്ഞു. എൻസിസി അലുംമ്നെ അസോസിയേഷൻ സമ്മാനിച്ച ആജീവനാന്ത കാർഡിന് 29 പേർ ആവശ്യക്കാരെത്തി. 1100 രൂപ അടിസ്ഥാന വില നിശ്ചയിച്ചിരുന്ന ഇതിനു 23,000 രൂപ വരെ വില ഉയർന്നിട്ടുണ്ട്. അയോധ്യയിലെ രാമ ക്ഷേത്രത്തിന്റെയും വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെയും മാതൃകകളും ഇതിലുണ്ട്. അടുത്ത മാസം രണ്ടു വരെയാണു പ്രദർശനവും ഓൺലൈൻ വിൽപനയും നടക്കുന്നത്.
pmmementos.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർചെയ്ത് ലേലത്തിൽ പങ്കെടുക്കാം. ഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ ഇവ പ്രദർശിപ്പിച്ചിട്ടുണ്ട്. വിൽപ്പനയിലൂടെ സമാഹരിക്കുന്ന തുക ഗംഗാനദിയുടെ പുനരുജ്ജീവനത്തിനായുള്ള പദ്ധതിയിലേക്ക് നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു.
