
ഉത്തർപ്രദേശിലെ കാൺപൂരിൽ ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 26 പേർ മരിച്ചു. 20 പേർക്ക് പരുക്കേറ്റു, പലരുടെയും നില ഗുരുതരമാണ്. സ്ത്രീകളും കുട്ടികളുമാണ് അപകടത്തിൽപ്പെട്ടവരിൽ കൂടുതൽ. ഉന്നാവിലെ ഒരു ക്ഷേത്രത്തിൽ പോയി മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. അൻപതിലേറെ പേർ ട്രാക്ടറിൽ ഉണ്ടായിരുന്നു.
രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവർക്ക് അൻപതിനായിരം രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട ട്രാക്ടർ ട്രോളി യാത്രാ ആവശ്യങ്ങൾക്ക് ഉപയോഗിച്ച് അപകടത്തിൽപ്പെട്ട സംഭവങ്ങളും ഏറെയാണ്.
