
മൂർഖൻ പാമ്പിന്റെ തലയിൽ ചുംബിച്ച അലക്‌സ്
ബെംഗളൂരു: ശിവമോഗയിൽ മൂർഖൻപാമ്പിനെ പിടികൂടിയശേഷം ചുംബിച്ച യുവാവിന് പാമ്പിന്റെ കടിയേറ്റു. ഭദ്രാവതി ബൊമ്മനകട്ടെയിലാണ് സംഭവം. ഭദ്രാവതി സ്വദേശി അലക്സിനാണ് കടിയേറ്റത്.
പ്രദേശത്ത് കണ്ട പാമ്പിനെ പിടികൂടി ആൾക്കൂട്ടത്തിന് മുന്നിൽവെച്ച് തലയിൽ ചുംബിക്കാൻ ശ്രമിച്ചപ്പോൾ അലക്സിന്റെ ചുണ്ടിൽ തിരിഞ്ഞുകൊത്തുകയായിരുന്നു. തുടർന്ന് അലക്സിന്റെ കൈയിൽനിന്ന് പാമ്പ് വഴുതി നിലത്തുവീണു.
സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. പാമ്പിനെ പിടികൂടാൻ ആളുകൾ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. കടിയേറ്റ അലക്സ് അപകടനില തരണംചെയ്തു. വീഡിയോ പ്രചരിച്ചതോടെ യുവാവിന്റെ പ്രവൃത്തിയെ വിമർശിച്ച് ഒട്ടേറെപ്പേരാണ് രംഗത്തെത്തിയത്. പാമ്പിനെ പിടികൂടിയശേഷം ആളുകളുടെ മുന്നിൽവെച്ച് ഇത്തരം പ്രകടനങ്ങൾ കാണിക്കുന്നതാണ് അപകടങ്ങൾക്കിടയാക്കുന്നതെന്ന് ഒട്ടേറെപ്പേർ പറഞ്ഞു.
