
അഞ്ചേക്കര്‍ പുരയിടമാണ് സണ്ണിക്കുള്ളത്. അവിടെ പ്ലാവ് മാത്രമല്ല കൃഷി. നല്ലൊരു മത്സ്യക്കുളമുണ്ട്. ആടും തേനീച്ചയുമുണ്ട്. ആടിന് തീറ്റ കൊടുക്കാനായി പുല്‍കൃഷിയുമുണ്ട്.
mathrubhumi.com
സണ്ണി പ്ലാവിൻതോട്ടത്തിൽ, മത്സ്യക്കൃഷി
ബാങ്ക് ജോലിക്ക് തത്കാലം അവധി നൽകിയാണ് സണ്ണി കൃഷിയിലേക്ക് ഇറങ്ങിയത്. ഇപ്പോൾ അദ്ദേഹം നൂറുവരിക്കപ്ലാവുകളുടെ ഉടമയാണ്. ബാങ്ക് ജോലിയിൽ നിന്ന് കിട്ടുന്ന വരുമാനത്തേക്കാൾ കൂടുതൽ ചക്ക വിറ്റ് മാത്രം അദ്ദേഹം നേടുന്നുണ്ട്. കൊച്ചുമുട്ടം സണ്ണി ആറുവർഷം മുൻപാണ് പൂർണമായും കൃഷിയിലേക്ക് തിരിഞ്ഞത്. അധികം വൈകാതെ പ്ലാവ് വെച്ചു. കഴിഞ്ഞവർഷം കായ്ച്ചു. രണ്ടുമാസം പ്രായമായ ചക്കകൾക്കായിരുന്നു (ഇടിച്ചക്ക) പ്രിയം. നല്ലവില കിട്ടി. മോശമല്ലാത്ത ലാഭവും.
അഞ്ചേക്കർ പുരയിടമാണ് സണ്ണിക്കുള്ളത്. അവിടെ പ്ലാവ് മാത്രമല്ല കൃഷി. നല്ലൊരു മത്സ്യക്കുളമുണ്ട്. ആടും തേനീച്ചയുമുണ്ട്. ആടിന് തീറ്റ കൊടുക്കാനായി പുൽകൃഷിയുമുണ്ട്. കച്ചോല കൃഷിയും പച്ച പിടിച്ചിരിക്കുന്നു. ഇതിനൊക്കെ പുറമെ മഴക്കാലത്ത് വരുമാനം തരുന്ന കൊക്കോ, ജാതി, തെങ്ങ് എന്നിവയും ചേന, വാഴ, കുരുമുളക്, ഏലം, മഞ്ഞൾ, കൂവ, ഇഞ്ചി തുടങ്ങിയവയുമുണ്ട്. ചക്കക്കാലം കഴിഞ്ഞാലും എല്ലാ സമയത്തും വരുമാനം കിട്ടുന്ന രീതിയിലാണ് കൃഷിയുടെ ആസൂത്രണം.
ഇതിന് പുറമേ ഔഷധ തോട്ടവും ഉണ്ട് അപൂർവങ്ങളായ ഔഷധ സസ്യങ്ങൾ വളർത്തി അവയിൽനിന്ന് വരുമാനം ഉണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിൽ കറ്റാർവാഴ, നീല അമരി, ചെങ്ങനീർകിഴങ്ങ്, കൽത്താമര, കരിമഞ്ഞൾ, കസ്തൂരി മഞ്ഞൾ, ചെങ്ങലംപരണ്ട തുടങ്ങിയവയാണ് കൃഷി ചെയ്തിരിക്കുന്നത്. കുറച്ചിടത്ത് റബ്ബർ കൃഷിയുണ്ട്.
പ്ലസ് ടു അധ്യാപികയായ ഭാര്യ ത്രേസ്യാമ്മയും പ്ലസ് വൺ വിദ്യാർഥിയായ മകൻ ദാനിയേലും എല്ലാ പിന്തുണയുമായിട്ടുണ്ട്. ദാനിയേലിനെ മുള്ളരിങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ മികച്ച കുട്ടി കർഷകനായി തിരഞ്ഞെടുത്തിട്ടുണ്ട്.
