
ഖത്തർ ലോകകപ്പിന് പന്തുരുളാൻ ഇനി ഒന്നര മാസത്തെ കാത്തിരിപ്പ് മാത്രം. ആരാകും വിശ്വകിരീടം ചൂടുക എന്ന ആകാംക്ഷയിലാണ് ഫുട്ബാൾ ലോകം.
നെയ്മറിന്‍റെ ബ്രസീൽ, എംബാപ്പെയുടെ ഫ്രാൻസ് എന്നിവയെല്ലാം ലോകകപ്പ് ഫേവറിറ്റുകളിൽ മുന്നിലാണ്. എന്നാൽ, ലണ്ടൻ ആസ്ഥാനമായുള്ള സ്റ്റോക്ക് ബ്രോക്കറുടെ പ്രവചനമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സമീപകാല ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയും സംഘവും ഖത്തറിൽ കപ്പ് ഉയർത്തുമെന്നാണ് ജോക്കിം ക്ലെമെന്റ് പറയുന്നത്.
2014 ബ്രസീൽ ലോകകപ്പിൽ ജർമനിയും, 2018 റഷ്യ ലോകകപ്പിൽ ഫ്രാൻസും വിജയിക്കുമെന്ന് കെമെന്‍റ് കൃത്യമായി പ്രവചിച്ചിരുന്നു. ഇതോടെയാണ് ഇദ്ദേഹത്തിന്‍റെ പ്രവചനത്തെ ഫുട്ബാൾ ആരാധകർ വിശ്വാസത്തിലെടുക്കാൻ തുടങ്ങിയത്. ഖത്തർ മണ്ണിലെ കലാശപ്പോരിൽ ഹാരി കെയ്നിന്‍റെ ഇംഗ്ലണ്ടായിരിക്കും എതിരാളികളെന്നും അദ്ദേഹം പറയുന്നു.
അതത് രാജ്യങ്ങളുടെ കായിക മികവുകൾ മാത്രമല്ല കെമെന്‍റിന്‍റെ പ്രവചനത്തിന്‍റെ മാനദണ്ഡം. രാജ്യത്തിന്റെ ജി.ഡി.പി, ജനസംഖ്യ, താപനില തുടങ്ങിയ സാമൂഹിക-സാമ്പത്തിക മൂല്യങ്ങളും കണക്കിലെടുത്താണ് പ്രവചനം എന്നതും ശ്രദ്ധേയമാണ്.
എന്തായാലും കെമെന്‍റിന്‍റെ പ്രവചനം ഫലിക്കണേയെന്ന പ്രാർഥനയിലാണ് ലാറ്റിനമേരിക്കൻ രാജ്യത്തിന്‍റെയും മെസ്സിയുടെയും ആരാധകർ.
