
ചങ്ങനാശേരിയില്‍ യുവാവിനെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ട കേസില്‍ പ്രതി പിടിയില്‍ . കൊല്ലപ്പെട്ട ആര്യാട് സ്വദേശി ബിന്ദുകുമാറിന്‍റെ സുഹൃത്ത് മുത്തുകുമാറാണ് ആലപ്പുഴ നോര്‍ത്ത് പൊലീസിന്‍റെ പിടിയിലായത്. പ്രതിയെ ചങ്ങനാശേരി പൊലീസിന് കൈമാറി. കൊലപാതകത്തില്‍ മറ്റ് രണ്ടുപേര്‍ക്കുകൂടി പങ്കുള്ളതായി മുത്തുകുമാര്‍ മൊഴി മല്‍കി. ബിന്ദുകുമാറിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശക്തമായ മര്‍ദനമാണ് മരണകാരണമെന്ന് പറയുന്നു. പ്രതിയുമായി തെളിവെടുപ്പ് നടത്തുകയാണ്.
വൂര്‍ ഐടിസി കോളനിയില്‍നിന്നാണ് പ്രതി മുത്തുകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തില്‍ മറ്റ് രണ്ടുപേര്‍ക്കുകൂടി പങ്കുള്ളതായി മുത്തുകുമാര്‍ മൊഴി നല്‍കി. അവര്‍ സംസ്ഥാനം വിട്ടതായി സംശയിക്കുന്നെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴ നോര്‍ത്ത് സിഐ രാജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മുത്തുകുമാറിനെ പിടികൂടിയത്. പിന്നീട് ചങ്ങനാശേരി പൊലീസിന് പ്രതിയെ കൈമാറി. മുത്തുകുമാറിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മൃതദേഹം മറവുചെയ്യാനും ബിന്ദുകുമാറിന്‍റെ ബൈക്ക് തോട്ടില്‍ ഉപേക്ഷിക്കാനും പ്രതിക്ക് കൂടുതല്‍പ്പേരുടെ സഹായം ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞു. ക്രൂരമര്‍ദനമാണ് ബിന്ദുകുമാറിന്‍റെ മരണത്തിന് കാരണമെന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മര്‍ദനത്തില്‍ വാരിയെല്ലുകള്‍ തകര്‍ന്നു. മര്‍ദനമേറ്റതിന്‍റെ ഒട്ടേറെ പാടുകളും ശരീരത്തില്‍ കണ്ടെത്തി. ഇന്നലെയായിരുന്നു കാണാതായ ബിന്ദുകുമാറിന്‍റെ മൃതദേഹം ചങ്ങനാശേരിയില്‍ മുത്തുകുമാറിന്‍റെ വീട്ടില്‍ കുഴിച്ചിട്ട് കൊണ്‍ക്രീറ്റ് ചെയ്ത നിലയില്‍ പൊലീസ് കണ്ടെടുത്തത്. കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ബിന്ദുകുമാറിന്‍റെയും മുത്തുകുമാറിന്‍റെയും സുഹൃത്തുക്കളിലൊരാള്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ചങ്ങനാശേരിയിലേക്ക് എത്തിയതും മൃതദേഹം കണ്ടെടുത്തതും.
