രാജമലയിൽ കടുവയുടെ ആക്രമണം; അഞ്ചു പശുക്കളെ കൊന്നു; പ്രതിഷേധം

മൂന്നാർ രാജമല നൈമക്കാട് തൊഴുത്തിൽ കെട്ടിയിരുന്ന കിടാവ് അടക്കം അഞ്ചു പശുക്കളെ കടുവ കടിച്ചു കൊന്നു. കഴിഞ്ഞ രാത്രിയിലാണ് ആക്രമണമുണ്ടായത്. കടുവയെ പിടിക്കണമെന്നും നഷ്ടപരിഹാരം ഉടൻ നൽകണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ മൂന്നാർ-ഉദുമൽപ്പേട്ട പാത ഉപരോധിച്ചു.

മൂന്നാർ നൈമക്കാട് ഈസ്റ്റ് ഡിവിഷനിലാണ് ഇന്നലെ രാത്രി കടുവയുടെ ആക്രമണം ഉണ്ടായത്. തൊഴുത്തിൽ കെട്ടിയിരുന്ന കിടാവടക്കം 5 പശുക്കളെ കടുവ കടിച്ചുകൊന്നു. ആക്രമണത്തിനിടെ പരിക്കേറ്റ മറ്റൊരു പശു കാട്ടിലേക്ക് ഓടി പോയെങ്കിലും രാവിലെ കണ്ടെത്തി. ഇതിന് ആവശ്യമായ ചികിത്സ നൽകി. പ്രദേശത്ത് കുറച്ചുനാൾ മുൻപ് സമാനമായ രീതിയിൽ കടുവയുടെ ആക്രമണം ഉണ്ടായിരുന്നു. എങ്കിലും കടുവയെ പിടികൂടാനായില്ല. ഇതോടെയാണ് അടിയന്തര നടപടി ആവശ്യപ്പെട്ട് നാട്ടുകാർ ഇരവികുളം ദേശീയ പാർക്കിന്റെ മുന്നിൽ റോഡ് ഉപരോധിച്ചത്. സിപിഐ, കോൺഗ്രസ് പ്രവർത്തകരും നാട്ടുകാർക്ക് പിന്തുണയുമായി എത്തി. ഉപരോധത്തെ തുടർന്ന് മൂന്നാർ ഉദുമൽപേട്ട സംസ്ഥാനതര പാതയിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പ്രദേശത്ത് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാർ തടഞ്ഞുവച്ചു. കടുവയെ ഉടൻ പിടികൂടണമെന്നും കുടിശികയുള്ള നഷ്ടപരിഹാരം മുഴുവൻ നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. അഞ്ച് പശുക്കളുടെ നഷ്ടപരിഹാരം ഉടൻ നൽകുമെന്നും, കടുവയെ പിടിക്കാൻ കൂടും നിരീക്ഷണത്തിന് കൂടുതൽ ക്യാമറകളും സ്ഥാപിക്കുമെന്നും ഉറപ്പു നൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.

രാജമലയിൽ കടുവയുടെ ആക്രമണം; അഞ്ചു പശുക്കളെ കൊന്നു; പ്രതിഷേധം

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes