
അന്തരിച്ച കോടിയേരി ബാലകൃഷ്ണന് കേരളത്തിന്റെ അന്ത്യാഞ്ജലി. സ്വന്തം തട്ടകമായ തലശേരിയിൽ ആയിരങ്ങളാണ് കോടിയേരിക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തുന്നത്. തലശേരി ടൗൺ ഹാളിൽ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തുന്നവരുടെ ഒഴുക്ക് മാത്രം മതി നാടുമായുള്ള കോടിയേരിയുടെ ആത്മബന്ധത്തിന്റ ആഴമറിയാൻ.
തലശേരിയെ നെഞ്ചോട് ചേർത്തുപിടിച്ച കോടിയേരിയുടെ ചിത്രം നെഞ്ചത്ത് ചാർത്തി അവർ നിറ കണ്ണുകളോടെ കാത്തുനിന്നു. റോഡരികിൽ നിന്ന ആയിരങ്ങളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി പ്രിയ നേതാവിന്റ ഭൗതിക ശരീരം ടൗൺ ഹാളിലേക്കെത്തിക്കുമ്പോൾ അവർ ചങ്കുപൊട്ടി അഭിവാദ്യം അർപ്പിച്ചു. പിന്നെ മുൻ അഭ്യന്തര മന്ത്രിക്ക് പൊലീസ് സേനയുടെ ആദരം. കോടിയേരിയുടെ ഭൗതിക ശരീരത്തിൽ ചെങ്കൊടി പുതപ്പിച്ച് മുഖ്യമന്ത്രിയുടേയും മുതിർന്ന നേതാക്കളുടേയും അന്ത്യാഭിവാദ്യം.
ദുഖം താങ്ങാനാകാതെ ബന്ധുക്കൾ പൊട്ടിക്കരഞ്ഞു. രാത്രി വരെ ടൗൺഹാളിൽ പൊതുദർശനത്തിന് വയ്ക്കുന്ന ഭൗതിക ശരീരം പിന്നീട് തലശേരിയിലെ വസതിയിലേക്ക് കൊണ്ടുപോകും. നാളെ മൂന്നു മണിക്ക് പയ്യാമ്പലത്താണ് സംസ്കാരം
