
കണ്ണൂര്‍ കോടിയേരി മൊട്ടമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്‍റെയും നാരായണിയുടെയും മകന്‍ കെ.ബാലകൃഷ്ണന്‍ കോടിയേരി ബാലകൃഷ്ണനായി വളര്‍ന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തണലിലാണ്. ആ തണലിനെ കോടിയേരി അത്രകണ്ട് ആഗ്രഹിച്ചിരുന്നു. പൊലീസ് വേട്ടയാടിയപ്പോളൊക്കെ ഈക്വിലാബ് എന്ന ഒറ്റമൂലിയുടെ ബലത്തില്‍ എതിരാളികള്‍ക്കുമുന്നില്‍ പതറാതെ നിന്നവന്‍. തിരിഞ്ഞോടിയ ചരിത്രം ബാലകൃഷ്ണനില്ല. അതുകൊണ്ടാണ് രോഗം വില്ലനായി വന്നപ്പോളും കോടിയേരി കുലുങ്ങാതിരുന്നത്. പ്രായോഗികതയിലൂന്നിയ കമ്യൂണിസ്റ്റായിരുന്നു കോടിയേരി. പതിനാറാം വയസില്‍ പാര്‍ട്ടി അംഗത്വം. പതിനെട്ടാം വയസില്‍ ലോക്കല്‍ സെക്രട്ടറി. 1982,87,2001,2006,2011 വര്‍ഷങ്ങളില്‍ തലശ്ശേരിയെ പ്രതിനിധീകരിച്ച് നിയമസഭയില്‍. 2001 ല്‍ പ്രതിപക്ഷ ഉപനേതാവ്. 2006 ല്‍ വിഎസ് സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രി. 2008 ല്‍ അന്‍പത്തിനാലാം വയസില്‍ പൊളിറ്റ് ബ്യൂറോ അംഗം. 2015 ല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി. അടിമുടിയൊരു പാര്‍ട്ടിക്കാരന്‍. അങ്ങനെ ജീവിച്ചാണ് കോടിയേരിയുടെ കൊടിയിറക്കം.
