ആരും പരാതി നല്‍കിയില്ല, കേസെടുത്തില്ല; യാത്രക്കാരെ അധിക്ഷേപിച്ച കണ്ടക്ടര്‍ക്കെതിരേ നടപടിയില്ല

ആറ്റിങ്ങൽ: നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിൽനിന്നു യാത്രക്കാരെ അധിക്ഷേപിച്ച് ഇറക്കിവിട്ട വനിതാ കണ്ടക്ടർക്കെതിരേ നടപടിയെടുക്കാതെ അധികൃതർ. ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർ വർക്കല നെല്ലിക്കോട് സ്വദേശി ഷീബയാണ് ശനിയാഴ്ച ഉച്ചയ്ക്ക് ചിറയിൻകീഴിൽ പാർക്ക് ചെയ്ത ബസിൽനിന്നു യാത്രക്കാരെ ഇറക്കിവിട്ടത്. വിഷയത്തിൽ കെ.എസ്.ആർ.ടി.സി. പ്രാഥമികാന്വേഷണം നടത്തി ഉന്നതാധികൃതർക്ക് ശനിയാഴ്ചതന്നെ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

എന്നാൽ, നടപടിയുണ്ടായിട്ടില്ല. സംഭവത്തിനു ശേഷം ഒരുമണിയോടെ ചിറയിൻകീഴിൽനിന്ന് തിരുവനന്തപുരത്തേക്കു പോയ ബസ് തിരികെവരുമ്പോൾ ആറ്റിങ്ങലിലേക്കെത്താൻ ഡിപ്പോ അധികൃതർ കണ്ടക്ടർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, വിശദീകരണം നൽകാൻ തയ്യാറാകാതെ കണ്ടക്ടർ വീട്ടിലേക്കു മടങ്ങിയതായാണ് സൂചന.

ചിറയിൻകീഴിലുണ്ടായ സംഭവം ഒരാൾ ഫോണിലൂടെ പോലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നതായി ഇൻസ്പെക്ടർ ജി.ബി.മുകേഷ് പറഞ്ഞു. ഇതനുസരിച്ച് പോലീസ് ബസിനെ പിന്തുടർന്ന് ഡ്രൈവറോട് വിവരങ്ങൾ അന്വേഷിച്ചു. യാത്രക്കാർക്കെങ്കിലും പരാതിയുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്തു. എന്നാൽ, ആരും പരാതി നൽകാൻ തയ്യാറായില്ല. അതിനാൽ കേസെടുത്തിട്ടില്ല. കെ.എസ്.ആർ.ടി.സി. അധികൃതർ പോലീസിൽനിന്ന് റിപ്പോർട്ട് തേടിയിട്ടില്ല.

ശനിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് കെ.എസ്.ആർ.ടി.സി.ക്കാകെ നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. തിരുവനന്തപുരത്തുനിന്നു ചിറയിൻകീഴിലെത്തിയ ബസ് മുരുക്കുംപുഴ-മെഡിക്കൽകോളേജ്-തിരുവനന്തപുരം ബോർഡ് വച്ചശേഷം പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ടു. ഈ സമയം ഈ റൂട്ടിലേയ്ക്കു പോകാനുള്ള യാത്രക്കാർ ബസിൽ കയറിയിരുന്നു. കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും വയോധികരും കൂട്ടത്തിലുണ്ടായിരുന്നു. ഇവരെയാണ് കേട്ടാലറയ്ക്കുന്ന ഭാഷയിൽ അധിക്ഷേപിച്ച് കണ്ടക്ടർ പുറത്തിറക്കിവിട്ടത്. തനിക്ക് ബസിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കണമെന്നു പറഞ്ഞായിരുന്നു കണ്ടക്ടറുടെ പരാക്രമങ്ങൾ.

ആരും പരാതി നല്‍കിയില്ല, കേസെടുത്തില്ല; യാത്രക്കാരെ അധിക്ഷേപിച്ച കണ്ടക്ടര്‍ക്കെതിരേ നടപടിയില്ല

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes