
തിരുവനന്തപുരം:യാത്രക്കാരോട് മോശമായി പെരുമാറുന്ന കണ്ടക്ടർമാർ, മറ്റുവാഹനങ്ങൾ ഓടിക്കുന്നവരെ ഭയപ്പെടുത്തി നിരത്തിൽ അക്രമം കാട്ടുന്ന ഡ്രൈവർമാർ, രാഷ്ട്രീയ പിൻബലത്തിൽ യാത്രക്കാരോട് ധാർഷ്ട്യം കാണിക്കുന്നവർ, മേലുദ്യോഗസ്ഥരെ അംഗീകരിക്കാത്തവർ… ഇങ്ങനെ സ്ഥിരംപ്രശ്നക്കാരായ ആയിരത്തോളം ജീവനക്കാർ കെ.എസ്.ആർ.ടി.സി.യിലുണ്ട്. ഇവരെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് അധികൃതർ.
എല്ലാഡിപ്പോകളിലും സ്ഥിരം പ്രശ്നക്കാരുണ്ട്. നല്ലരീതിയിൽ ഇടപെടുന്ന ഭൂരിപക്ഷം ജീവനക്കാർക്കും പേരുദോഷം ഉണ്ടാക്കുന്നത് ഇവരുടെ പ്രവൃത്തികളാണ്. 26,500 ജീവനക്കാരുള്ള സ്ഥാപനത്തിൽ 3.5 ശതമാനത്തിൽ താഴെയാണ് പ്രശ്നക്കാരെങ്കിലും ഒറ്റപ്പെട്ടസംഭവങ്ങൾ സ്ഥാപനത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ട്.
പരിശീലനം നൽകി നല്ലവഴിക്ക് നടത്തുക, അല്ലെങ്കിൽ അച്ചടക്കനടപടി സ്വീകരിക്കുക എന്നീ രണ്ടുമാർഗങ്ങളാണ് അധികൃതർക്ക് മുന്നിലുള്ളത്. പ്രശ്നക്കാരുടെ രാഷ്ട്രീയപശ്ചാത്തലം കടുത്ത അച്ചടക്കനടപടികൾക്ക് തടസ്സമാകും. സ്വന്തം ദുർഗുണപരിഹാരപാഠശാലയായ സ്റ്റാഫ് ട്രെയിനിങ് കോളേജിലേക്കാണ് ജീവനക്കാരെ പരിശീലനത്തിന് അയക്കുന്നത്. അടുത്തിടെമാത്രമാണ് സിലബസ് കാലോചിതമായി പരിഷ്കരിച്ചത്. സ്വകാര്യപങ്കാളിത്തത്തോടെ പുറമേനിന്നുള്ള വിദഗ്ധരെയെത്തിച്ച് പരിശീലനം നൽകിയതും നേട്ടമുണ്ടായിട്ടില്ല.
ഡ്രൈവർമാർ നിരത്തിൽ കാണിക്കുന്ന അക്രമങ്ങൾക്കെതിരേ കെ.എസ്.ആർ.ടി.സി.മേധാവി ബിജുപ്രഭാകർതന്നെ രംഗത്തെത്തിയിരുന്നു. രേഖാമൂലം പരാതിപ്പെടാൻ പലരും തയ്യാറാകാത്തത് ഇവർക്ക് നേട്ടമാകുന്നു. തെളിവുകളുടെ അഭാവത്തിലും നടപടികൾ ഒഴിവാക്കപ്പെടും. ഇത്തരക്കാരെ നിലവിലെ ഡ്യൂട്ടിയിൽനിന്നും മാറ്റിനിർത്തിയതുകൊണ്ട് ഫലമില്ല. ഇവരിൽ ഭൂരിഭാഗവും ബസിലെ ഡ്യൂട്ടി ഒഴിവാക്കിക്കിട്ടാൻ ആഗ്രഹിക്കുന്നവരാണ്.
നിരീക്ഷണക്യാമറയും ജി.പി.എസും ഗുണമാകും
നിരീക്ഷണക്യാമറകളിലൂടെ മോശം പെരുമാറ്റത്തിന് ഒരുപരിധിവരെ തടയിടാനാകും. ജി.പി.എസ് സംവിധാനത്തിലൂടെ യാത്ര നിരീക്ഷിക്കാനാകും. എന്നാൽ, എല്ലാ ബസുകളിലും ഇവ സജ്ജീകരിച്ചിട്ടില്ല.
