800 രൂപ കൂലിയും ചെലവും തരൂ കെ.എസ്.ആര്‍.ടി.സി. ഞങ്ങള്‍ ഓടിക്കാം; വൈറലായി കുറിപ്പ്

5000 രൂപയ്ക്ക്‌ മുകളില്‍ കളക്ഷന്‍ വന്നാല്‍ പിന്നീടുള്ള കളക്ഷന് 100 രൂപക്ക് അഞ്ച് രൂപ വെച്ച് ബത്തയും തന്നാല്‍ കളക്ഷന്‍ ഉണ്ടാക്കുന്നത് ഞങ്ങള് കാണിച്ചു തരാം.

കെ.എസ്.ആർ.ടി.സി
ഡ്യൂട്ടി സമയം പരിഷ്കരിച്ചതിന് പിന്നാലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക്, യാത്രക്കാരോട് മോശമായി പെരുമാറുന്ന കണ്ടക്ടർ, കൺസെഷൻ പാസ് വാങ്ങാൻ കുട്ടിക്കൊപ്പം പോയ പിതാവിനെ മർദിക്കൽ തുടങ്ങി കെ.എസ്.ആർ.ടി.സിയെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളാണ് ദിവസേന പുറത്തുവരുന്നത്. ഈ സാഹചര്യത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ് വൈറലായിരിക്കുകയാണ്. കെ.എസ്.ആർ.ടി.സി. എം.ഡിക്ക് എന്ന പേരിലാണ് കുറപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പ്രിയപ്പെട്ട കെ.എസ്.ആർ.ടി.സി. എം.ഡി, 800 രൂപയും ചെലവും ദിവസക്കൂലി തരൂ. ഞങ്ങളോടിച്ചോളാം വണ്ടി. ഒരു പെൻഷനും വേണ്ട, പറ്റുമോ? 5000 രൂപയ്ക്ക് മുകളിൽ കളക്ഷൻ വന്നാൽ പിന്നീടുള്ള കളക്ഷന് 100 രൂപക്ക് അഞ്ച് രൂപ വെച്ച് ബത്തയും തന്നാൽ കളക്ഷൻ ഉണ്ടാക്കുന്നത് ഞങ്ങള് കാണിച്ചു തരാം. തൊഴിലില്ലാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാർ പുറത്തു നിൽക്കുമ്പോഴാണ് ഈ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്നത് നോക്കി അധികാരികൾ നെടുവീർപ്പിടുന്നത്. ആദ്യം പണിയെടുക്കൂ, എന്നിട്ടാവാം അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം.. എന്ന് ഒരു പാവം പ്രൈവറ്റ് ബസ്സ് ഡ്രൈവർ.

ഇതാണ് ഫെയ്സ്ബുക്കിൽ ഒരു പ്രൈവറ്റ് ബസ് ഡ്രൈവർ പങ്കുവെച്ച കുറിപ്പ്. ആയിരക്കണക്കിന് ആളുകളാണ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. സേവ് കെ.എസ്.ആർ.ടി.സി. എന്ന ഹാഷ്ടാഗോടെയാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ജോലി സമയം 12 മണിക്കൂർ ആക്കിയാണ് അടുത്തിടെ കെ.എസ്.ആർ.ടി.സി. ജീവനക്കാരെ ചൊടിപ്പിച്ചത്. ഇതിനുപിന്നാലെ ഒരു വിഭാഗം ജിവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും വൈകാതെ തന്നെ അത് പിൻവലിക്കുകയായിരുന്നു.

യാത്രക്കാരോട് മോശമായി പെരുമാറുന്ന കണ്ടക്ടർമാർ, മറ്റുവാഹനങ്ങൾ ഓടിക്കുന്നവരെ ഭയപ്പെടുത്തി നിരത്തിൽ അക്രമം കാട്ടുന്ന ഡ്രൈവർമാർ, രാഷ്ട്രീയ പിൻബലത്തിൽ യാത്രക്കാരോട് ധാർഷ്ട്യം കാണിക്കുന്നവർ, മേലുദ്യോഗസ്ഥരെ അംഗീകരിക്കാത്തവർ… ഇങ്ങനെ സ്ഥിരംപ്രശ്നക്കാരായ ആയിരത്തോളം ജീവനക്കാർ കെ.എസ്.ആർ.ടി.സി.യിലുണ്ട്. ഇവരെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് അധികൃതരെന്നും കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

എല്ലാഡിപ്പോകളിലും സ്ഥിരം പ്രശ്നക്കാരുണ്ട്. നല്ലരീതിയിൽ ഇടപെടുന്ന ഭൂരിപക്ഷം ജീവനക്കാർക്കും പേരുദോഷം ഉണ്ടാക്കുന്നത് ഇവരുടെ പ്രവൃത്തികളാണ്. 26,500 ജീവനക്കാരുള്ള സ്ഥാപനത്തിൽ 3.5 ശതമാനത്തിൽ താഴെയാണ് പ്രശ്നക്കാരെങ്കിലും ഒറ്റപ്പെട്ടസംഭവങ്ങൾ സ്ഥാപനത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ട്. പരിശീലനം നൽകി നല്ലവഴിക്ക് നടത്തുക, അല്ലെങ്കിൽ അച്ചടക്കനടപടി സ്വീകരിക്കുക എന്നീ രണ്ടുമാർഗങ്ങളാണ് അധികൃതർക്ക് മുന്നിലുള്ളത്. പ്രശ്നക്കാരുടെ രാഷ്ട്രീയപശ്ചാത്തലം കടുത്ത അച്ചടക്കനടപടികൾക്ക് തടസ്സമാകും.

800 രൂപ കൂലിയും ചെലവും തരൂ കെ.എസ്.ആര്‍.ടി.സി. ഞങ്ങള്‍ ഓടിക്കാം; വൈറലായി കുറിപ്പ്

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes