Spot Light

40 കിലോമീറ്ററിന് 2,000 രൂപ വാടക പറഞ്ഞ് യൂബര്‍; 265 രൂപയ്ക്ക് കാര്യം നടത്തി ബിഎംടിസി

ബെംഗളൂരു നഗരത്തില്‍ താമസിക്കുന്നവര്‍ക്ക് ഏറ്റവും പ്രധാന ചെലവ് യാത്രയ്ക്കാണ്. നഗരത്തിനുള്ളിലെ ചെറിയൊരു യാത്രയ്ക്ക് യൂബര്‍ ഡ്രൈവര്‍ ചോദിച്ച കത്തി വിലയാണ് ബെംഗളൂരുവിനെ വീണ്ടും വാര്‍ത്തയിലെത്തിക്കുന്നത്. നഗരത്തിനുള്ളിലെ ചെറിയ ദൂരം താണ്ടാന്‍ 2,000 രൂപയ്ക്ക് മുകളിലാണ് യൂബര്‍ ഡ്രൈവര്‍ ചാര്‍ജ് പറഞ്ഞത്. എന്നാല്‍ 265 രൂപയ്ക്ക് ബിഎംടിസി യാത്ര സാധ്യമാക്കിയതിനെ അഭിനന്ദിക്കുകയാണ് രാജേഷ് ഭട്ടാഡ് എന്ന യാത്രക്കാരന്‍. എക്സിലാണ് രാജേഷ് ഭട്ടാഡ് കുറിപ്പ് പങ്കുവച്ചത്.

കെംപഗൗണ്ട അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും എച്ച്എസ്‍ആറിലേക്കുള്ള 40 കിലോമീറ്ററിനുള്ളില്‍ വരുന്ന ദൂരത്തിന് 2,000 രൂപയ്ക്ക് മുകളിലാണ് യൂബര്‍ ചാര്‍ജ് ഈടാക്കുന്നത്. ഇത് വ്യക്തമാക്കുന്ന സ്ക്രീന്‍ഷോട്ടോടെയാണ് അദ്ദേഹത്തിന്‍റെ കുറിപ്പ്. അര്‍ധരാത്രിയില്‍ 1,846 രൂപ മുതല്‍ 2,495 രൂപ വരെയാണ് യൂബര്‍ വിവിധ സേവനങ്ങള്‍ക്ക് ഈടാക്കുന്നത്. യൂബര്‍ ഗോയില്‍ 1,931 രൂപയും യൂബര്‍ ഗോ സെഡാന്‍, യൂബര്‍ പ്രീമിയര്‍ എന്നിവയ്ക്ക് 1,846 രൂപയും ഈടാക്കുമ്പോള്‍ 2,495 രൂപയാണ് യൂബര്‍ എക്സ്‍എല്ലിന് ചാര്‍ജ് ചെയ്യുന്നത്.

അതേസമയം ഉയര്‍ന്ന വില നല്‍കാതെ ഭട്ടാഡ് ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ (ബിഎംടിസി) ബസ് സര്‍വീസ് ഉപയോഗിച്ചാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. യൂബര്‍ 2,000 രൂപ പറഞ്ഞിടത്ത് 265 രൂപ മാത്രമാണ് ഈ യാത്രയ്ക്ക് ചെലവ് വന്നതെന്ന് ഭട്ടാഡ് കുറിക്കുന്നു. ഭട്ടാഡിന്‍റെ കുറിപ്പിന് താഴെ ആപ്പ് അടിസ്ഥാനമാക്കിയുള്ള വാഹന യാത്രകളുടെ ഉയര്‍ന്ന വിലയെ പറ്റി ചര്‍ച്ചയും ബെംഗളൂരു നഗരവാസികള്‍ തുടക്കമിട്ടിട്ടുണ്ട്.

എയര്‍പോര്‍ട്ട് സോണിന് പുറത്ത് പിക്കപ്പ് പോയിന്‍റ് തിരഞ്ഞെടുത്താല്‍ യാത്ര നിരക്കില്‍ 30-50 ശതമാനം നിരക്ക് കുറച്ച് ലഭിക്കുമെന്ന് ഒരു ഉപഭോക്താവ് കുറിക്കുന്നു. എയര്‍പോര്‍ട്ടില്‍ നിന്നുള്ള ബിഎംടിസിയുടെ വായു വജ്ര ബസ് സര്‍വീസാണ് മറ്റുള്ളവര്‍ നല്‍കുന്ന ഓപ്ഷന്‍. 300 രൂപയില്‍ താഴെയാണ് ചെലവ്. എന്നാല്‍ ബസിറങ്ങി വീട്ടിലെത്താനുള്ള ബുദ്ധിമുട്ടും ഉപഭോക്താക്കള്‍ ഉന്നയിക്കുന്നുണ്ട്. ബസ് പോയിന്‍റില്‍ നിന്നും ഒരു കിലോ മീറ്റര്‍ അകലെയാണ് വീടെന്നും ഈ സമയത്ത് നടക്കുന്നത് അപകടം പിടിച്ച പണിയാണെന്നും യാത്രക്കാര്‍ എക്സില്‍ കുറിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button