സഹപാഠിക്ക് ആസിഡ് കലർത്തിയ ജ്യൂസ് കൊടുത്തു; രണ്ട് കിഡ്‌നിയും തകരാറിലായ ആറാം ക്ലാസ് വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം : സഹപാഠി നൽകിയ ആസിഡ് കലർത്തിയ ജ്യൂസ് കുടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ. കന്യാകുമാരി ജില്ലയിൽ കളിയിക്കാവിള മെതുകുമ്മൽ നുള്ളിക്കാട്ടിൽ സുനിലിന്റെയും സോഫിയയുടെയും മകൻ അശ്വിന്റെ (11) ഇരു വൃക്കകളും തകരാറിലായ നിലയിലാണ്. വിദ്യാർത്ഥിയുടെ ആന്തരികാവയവങ്ങൾക്കും പൊള്ളലേറ്റിട്ടുണ്ട്.

കഴിഞ്ഞ 24 ാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം. അതംകോട് മായാകൃഷ്ണ സ്വാമി വിദ്യാലയത്തിലാണ് അശ്വിൻ പഠിക്കുന്നത്. പരീക്ഷ കഴിഞ്ഞ് ശുചിമുറിയിൽ പോയി മടങ്ങുമ്പോൾ സഹപാഠിയായ വിദ്യാർത്ഥി അശ്വിന് ജ്യൂസ് നൽകുകയായിരുന്നു. ഇത് കുടിച്ചപ്പോൾ രുചിവ്യത്യാസം തോന്നിയതിനാൽ കുറച്ച് മാത്രമേ കുടിച്ചുള്ളൂ എന്ന് അശ്വിൻ പറഞ്ഞു.

അടുത്ത ദിവസം അശ്വിന് കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത വയറുവേദനയും, ഛർദ്ദിയും, ശ്വാസംമുട്ടലും അനുഭവപ്പെട്ട കുട്ടിയെ അടുത്ത ദിവസം തന്നെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ഇരു വൃക്കകളും തകരാറിലാണെന്ന് കണ്ടെത്തിയത്. വിശദ പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ ആസിഡിന്റെ സാന്നിദ്ധ്യവും കണ്ടെത്തി. നിലവിൽ ഡയാലിസിസ് നടത്തിയാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. അശ്വിന്റെ അന്നനാളത്തിനും വൻകുടലിനും പൊള്ളലേറ്റിട്ടുണ്ട്.

അശ്വിന്റെ ക്ലാസിലുള്ളവരല്ല ഇത് ചെയ്തത് എന്നും, എന്നാൽ സ്‌കൂളിൽ പഠിക്കുന്ന മറ്റൊരു വിദ്യാർത്ഥിയാണെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. അശ്വിന് കുട്ടിയെ കണ്ടാൽ തിരിച്ചറിയാനാകുമെന്നും ഇവർ പറയുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌കൂളിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാണ്. അതിനാൽ ഈ വഴിക്കുള്ള അന്വേഷണവും നിലച്ചു.

സഹപാഠിക്ക് ആസിഡ് കലർത്തിയ ജ്യൂസ് കൊടുത്തു; രണ്ട് കിഡ്‌നിയും തകരാറിലായ ആറാം ക്ലാസ് വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes