കൈ വെട്ടിയ ഭര്‍ത്താവ് മുന്‍പ് വായ വലിച്ചുകീറി; വിദ്യ നേരിട്ടത് ഉള്ളുനീറ്റുന്ന പീഡനം

പത്തനംതിട്ട കലഞ്ഞൂരില്‍ ഭര്‍ത്താവ് ഇരുകൈകളും വെട്ടിമാറ്റിയ വിദ്യ ശസ്ത്രക്രിയക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തി. വെറും അഞ്ചുമിനിറ്റിലാണ് ജീവിതം മാറിമറിഞ്ഞതെന്ന് വിദ്യ പറയുന്നു. കുഞ്ഞിനൊപ്പം ജീവിക്കണമെന്ന ആഗ്രഹമാണ് ജീവിതത്തിലേക്കുള്ള മടങ്ങിവരവിന് പ്രേരകമായത്. ഒന്നിച്ചുജീവിച്ച കാലത്തും അതിക്രൂരമായ പീഡനം ഏറ്റിരുന്നുവെന്ന് വിദ്യ ദൃശ്യ മാധ്യമങ്ങളോട്പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം…

സെപ്തംബര്‍ 17ന് സംഭവിച്ചത്

ഞാനും അച്ഛനും മുന്‍വശത്തെ മുറിയിലിരുന്ന് ടിവി കാണുകയായിരുന്നു. ഞാന്‍ സെറ്റിയിലും അച്ഛന്‍ കസേരയിലുമാണ് ഇരുന്നിരുന്നത്. മുന്‍വശത്തെ വാതിലിലൂടെ ഒരാള്‍ പെട്ടെന്ന് കയറിവന്നു. ശക്തിയായി എന്തോ വന്ന് വീഴുന്നതുപോലെ എനിക്ക് തോന്നി. വെട്ടുന്നതുപോലെയോ മറ്റോ എന്തോ ശക്തിയായി ദേഹത്ത് പതിക്കുന്നതുപോലെ തോന്നിയപ്പോള്‍ ഞാന്‍ കൈകൊണ്ട് തട്ടി മാറ്റി. അപ്പോള്‍ ഇടത്തേ കൈ അറ്റുപോയത് എനിക്ക് മനസിലായില്ല. രണ്ടാമതും ഇതേ ശക്തിയില്‍ എന്തോ ആയുധം വീഴുന്നത് കണ്ടപ്പോഴാണ് വലംകൈ കൊണ്ട് തടുത്തതും അയാളുടെ മുഖത്തേക്ക് നോക്കുന്നതും ഞാന്‍ അലറുന്നതും. അപ്പോഴേക്കും അച്ഛന്‍ എഴുന്നേറ്റു. മൂന്നാമത്തെ വെട്ട് അച്ഛന്‍ സ്വന്തം ശരീരം കൊണ്ട് തടുത്തു. നാലാമതും അയാള്‍ കത്തിവീശിയപ്പോഴാണ് കാലുകളില്‍ മുറിവേറ്റത്. പിന്നെ കത്തിയുമായി നില്‍ക്കുന്ന അയാളെയാണ് അമ്മ കാണുന്നത്. അമ്മ നിലവിളിച്ച് ആളെ കൂട്ടിയപ്പോഴേക്ക് അയാള്‍ പിച്ചാത്തിയുമായി ഇറങ്ങി ഓടി. പിച്ചാത്തിയല്ല, നല്ല നീളമുള്ള വടിവാള്‍ എന്നുതന്നെ പറയാം. അപ്പോഴേക്കും ഇ‌ടംകൈ അറ്റ് തൊലിയില്‍ ഞാന്നുകിടക്കുകയായിരുന്നു. വലംകൈയുടെ കൈപ്പത്തി അറ്റുപോയി. അതിന്റെ രണ്ട് അസ്ഥി ഒടിഞ്ഞുമാറി. അവിടെ കമ്പി ഇട്ടിരിക്കുകയാണ്. അഞ്ചുമിനിറ്റ് പോലും വേണ്ടിവന്നില്ല ഇത്രയും സംഭവങ്ങള്‍ എവിടെ നടത്തി അയാള്‍ക്ക് രക്ഷപെടാന്‍. എല്ലാം പെട്ടെന്ന്. രണ്ടാമത്തെ വെട്ടിനാണ് ഞാന്‍ അയാളെ കാണുന്നതുപോലും.

ഇങ്ങനെയൊരു ആക്രമണം പ്രതീക്ഷിച്ചിരുന്നോ എന്നുചോദിച്ചാല്‍ പ്രതീക്ഷിച്ചിരുന്നു. റോഡില്‍ വച്ചോ പോകുന്ന വഴിക്കോ ഒക്കെ. കാരണം, കോടതിയില്‍ ചെല്ലുമ്പോള്‍ അയാള്‍ ആവര്‍ത്തിച്ച് പറയുമായിരുന്നു, എന്നെ കൊല്ലും, എന്നെ ജീവിക്കാന്‍ സമ്മതിക്കില്ല എന്നൊക്കെ. “കുഞ്ഞിനെ നിനക്ക് തരില്ല, എന്റെ കുഞ്ഞ് അനാഥനായാലും സാരമില്ല, നിന്നെ കൊല്ലും” എന്നും അയാള്‍ കോടതിയില്‍ വച്ച് പറഞ്ഞു. സ്വാഭാവികമായും ഒരു ആക്രമണം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ വീട്ടില്‍ക്കയറി ഇങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തില്‍പ്പോലും വിചാരിച്ചില്ല.

മുറിഞ്ഞ കൈകളുടെ അവസ്ഥ

മുറിഞ്ഞുപോയ ഭാഗം തുന്നിച്ചേര്‍ത്തു. മുറിവ് ഉണങ്ങിയിട്ടില്ല. ഇനിയും ഒരു ശസ്ത്രക്രിയ കൂടി ചെയ്യണം. പ്ലാസ്റ്റിക് സര്‍ജറി കൂടി ചെയ്താലേ ഫിസിയോ തെറപ്പി ചെയ്യാന്‍ പറ്റൂ. ഓപ്പറേഷന് ശേഷം നാലുവിരലുകള്‍ക്ക് ചലനശേഷി കിട്ടി. എങ്കിലും ചികില്‍സ ഇപ്പോഴും തുടരുകയാണ്. ഇന്‍ഫെക്ഷന്‍ ഉണ്ടാകാതിരിക്കാനാണ് തല്‍ക്കാലം ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മാറ്റിയത്.

ആശുപത്രിയിലെ അനുഭവം

വീട്ടില്‍ നിന്ന് തൊട്ടടുത്തുള്ള സ്വകാര്യ ക്ലിനിക്കിലാണ് ആദ്യം പോയത്. അവിടെ നിന്ന് ആംബുലന്‍സില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നെ ആ കിടക്കയില്‍ കിടത്തിക്കൊണ്ടുതന്നെ അവര്‍ പറഞ്ഞു, 10 ലക്ഷം രൂപ കെട്ടിവച്ചാലേ സര്‍ജറി നടത്തൂ എന്ന്. സര്‍ജറി നടത്തിയാലും ഫലം ഉറപ്പില്ല. സര്‍ജറിക്കുശേഷം കൈ അനക്കാനായില്ലെങ്കില്‍ പിന്നീട് മുറിച്ചുകളയേണ്ടിവരും എന്നും അവര്‍ പറഞ്ഞു. അവിടെ നില്‍ക്കുമ്പോള്‍ത്തന്നെ ആരെയൊക്കെയോ വിളിച്ചു. മന്ത്രി വീണ ജോര്‍ജിനെ വിളിച്ച് ഗുരുതരാവസ്ഥയിലാണ്, ഒരുപാട് രക്തം പോയിട്ടുണ്ട് എന്നെല്ലാം പറഞ്ഞു. അവിടെനിന്ന് നേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചെന്നു. അവിടെ അരുണ്‍ എന്ന ഡോക്ടറായിരുന്നു. അത്രയും തിരക്കിനിടയിലും ആ ഡോക്ടര്‍ പെട്ടെന്ന് എക്സ്–റേയും സ്കാനിങ്ങും എല്ലാം നടത്തി. അവിടത്തെ എല്ലാ സെക്ഷനും, ഓര്‍ത്തോയും പ്ലാസ്റ്റിക് സര്‍ജറി വിഭാഗവും ഉള്‍പ്പെടെ എല്ലാവരും, ഒരുമിച്ച് എന്നെ പന്ത്രണ്ടേകാലായപ്പോള്‍ ഓപ്പറേഷന്‍ തിയറ്റില്‍ കയറ്റി.

“വിദ്യാ, കുറച്ചുസമയം എടുക്കും, ചിലപ്പോള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ നീ ഉറങ്ങിപ്പോകും. പിന്നെ ഓപ്പറേഷന്‍ കഴിഞ്ഞേ നീ ഉണരൂ” എന്ന് ഡോക്ടര്‍ പറഞ്ഞു. എന്തായാലും സാരമില്ല, എനിക്ക് എന്റെ കൈ തിരിച്ചുകിട്ടിയാല്‍ മതി എന്ന് ഞാന്‍ പറഞ്ഞു. കൈ മുറിഞ്ഞുതൂങ്ങിയിട്ടും അത്രയും സമയം രക്തം വാര്‍ന്നിട്ടും എനിക്ക് ഉള്ളില്‍ നല്ല ബോധമുണ്ടായിരുന്നു. എന്തായാലും വേണ്ടില്ല, എനിക്ക് എന്റെ കൈ വേണം, എന്താണെന്നുവച്ചാല്‍ ചെയ്തോളൂ എന്നുപറഞ്ഞാണ് ഞാന്‍ സര്‍ജറിക്ക് കയറിയത്. പന്ത്രണ്ടരയ്ക്ക് ഓപ്പറേഷന് കയറ്റി. പിറ്റേന്ന് വൈകിട്ട് ആറരയോടെയാണ് പിന്നീട് ബോധം വന്നത്.

മുന്‍പും വലിയ ഉപദ്രവം ഉണ്ടായിട്ടുണ്ടോ?

ഞാന്‍ പുറത്തിറങ്ങാന്‍ പാടില്ല എന്നായിരുന്നു അയാളുടെ മെന്റാലിറ്റി. ഒരു കൊച്ചുമുറിയുണ്ട്. അതിനുള്ളില്‍ ഇരുന്നോണം. അയാള്‍ക്കൊപ്പമേ ഭക്ഷണം കഴിക്കാന്‍ പാടുള്ളു. ഒരുപാട് ഒരുങ്ങാന്‍ പാടില്ല, നല്ല ഡ്രസ് ധരിക്കാന്‍ പാടില്ല. അതെല്ലാം സഹിച്ചു. ഒടുവില്‍ എന്റെ വായ വലിച്ചുകീറിയ സംഭവത്തോടെയാണ് ഞാന്‍ സ്വന്തം വീട്ടിലേക്ക് വന്നത്. കുഞ്ഞിന് ഒന്‍പതുമാസം മാത്രമായിരുന്നു പ്രായം. എന്റെ നാട്ടിലെ അമ്പലത്തിലെ ഉല്‍സവത്തിന് എന്നെ കൊണ്ടുപോകണമെന്ന് പറഞ്ഞപ്പോള്‍ “നടക്കില്ല” എന്ന് അയാള്‍ മറുപടി നല്‍കി. “നിന്നെ അമ്പലത്തില്‍ കൊണ്ടുപോയാല്‍ നിന്റെ കൂടെ പഠിച്ചവര്‍ വന്ന് നിന്നോട് സംസാരിക്കും. നിന്റെ വീട്ടിലുള്ളവര്‍ നിന്നോട് മിണ്ടും. നിന്റെ ആങ്ങളമാര്‍ വന്ന് നിന്നോട് സംസാരിക്കും. അതൊന്നും എനിക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ല. ചിലപ്പോള്‍ ഞാന്‍ അവിടെവച്ച് നിന്നെ അടിച്ചെന്ന് വരും. അതുകൊണ്ട് നമ്മള്‍ ഉല്‍സവത്തിന് പോകുന്നില്ല. പകരം ഉല്‍സവം കഴിഞ്ഞിട്ട് ഒരുദിവസം നമുക്ക് കുഞ്ഞിനെയും കൊണ്ടുപോകാം” എന്നായിരുന്നു നിലപാട്. കുഞ്ഞിനെക്കൂടി ഉപദ്രവിച്ചാലോ എന്നുപേടിച്ച് ഞാന്‍ രാത്രിയില്‍ ഒന്നും പറഞ്ഞില്ല. മുന്‍പ് ഒരുപാടുതവണ എന്നെ ഉപദ്രവിച്ചിട്ടുണ്ട്. ന‌ടുറോഡില്‍ വച്ച് അടിച്ച സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.

അയാള്‍ക്ക് മേസ്തിരിപ്പണിയാണ്. രാവിലെ പോകുമ്പോള്‍ ധരിക്കാനുള്ള ഡ്രസും ഭക്ഷണവും ഉള്‍പ്പെടെ ഡൈനിങ് ടേബിളില്‍ വച്ചിട്ട് ഞാന്‍ കുഞ്ഞിനെ തൊട്ടിലില്‍ കിടത്താന്‍ റൂമില്‍ കയറി. പിന്നിലൂടെ വന്ന് അയാളുടെ കൈയ്യിലെ എട്ട് വിരലുകള്‍ വായ്ക്കുള്ളില്‍ കടത്തി വലിച്ചുകീറി. വായ്ക്കുള്ളില്‍ മാത്രം 14 മുറിവുകള്‍ ഉണ്ടായിരുന്നു. എനിക്ക് ഫോണില്ല. വീട്ടില്‍ എന്തെങ്കിലും വിളിച്ചറിക്കണമെങ്കില്‍ ഒരു മാര്‍ഗവുമില്ല. ഭര്‍ത്താവിന്റെ ഫോണില്‍ നിന്ന് വിളിക്കണമെന്ന് വച്ചാല്‍ അതില്‍ കോള്‍ റെക്കോര്‍‍ഡറുണ്ട്. ഞാന്‍ വീട്ടില്‍ എന്തുപറഞ്ഞാലും അടുത്തനിമിഷം അയാള്‍ അറിയും. അതുകൊണ്ട് വീട്ടില്‍ നിന്ന് ആരെങ്കിലും വരുമ്പോഴേ എനിക്ക് എന്തെങ്കിലും പറയാന്‍ പറ്റൂ. അങ്ങനെ ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞിനെയും എടുത്തുകൊണ്ടാണ് കീറിമുറിഞ്ഞ വായുമായി ഞാന്‍ ഓടിയത്. അ‌ടുത്തുള്ള വീട്ടില്‍ക്കയറി ഫോണ്‍ വാങ്ങി വിളിച്ചു. അമ്മയെ വിളിച്ചപ്പോള്‍ എടുത്തില്ല. ചേച്ചിയെ വിളിച്ചപ്പോള്‍ കിട്ടി. “എന്നെ ഇപ്പോള്‍ വന്ന് കൊണ്ടുപോയാല്‍ കൊണ്ടുപോകാം, ഇല്ലെങ്കില്‍ എന്നെ കൊല്ലും” എന്ന് ചേച്ചിയോട് പറഞ്ഞു.

അങ്ങനെ വീട്ടുകാര്‍ എന്നെ കൂട്ടിക്കൊണ്ടുപോയി. നേരെ അടൂര്‍ പൊലീസ് സ്റ്റേഷനിലേക്കാണ് പോയത്. അവിടെനിന്ന് അടൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലെത്തിച്ചു. അവിടെ ഒരു ദിവസം ഒബ്സര്‍വേഷനില്‍ കിടത്തി. പിറ്റേന്ന് വൈകിട്ടാണ് വീട്ടിലെത്തിയത്. നഖം കൊണ്ടതുകൊണ്ട് ടെറ്റനസ് ടോക്സോയിഡ് (TT) ഇന്‍ജക്ഷന്‍ എടുത്തിരുന്നു. എന്നിട്ടും രണ്ടുദിവസം കഴിഞ്ഞപ്പോള്‍ വായ മുഴുവന്‍ പഴുത്തു. മൂന്നുമാസം വെള്ളം പോലും കുടിക്കാന്‍ പറ്റാതെയാണ് ഞാന്‍ കിടന്നത്. ഇതിനുശേഷമാണ് 2018‍ല്‍ കുടുംബക്കോടതിയില്‍ വിവാഹമോചനത്തിനും കുഞ്ഞിന്റെ അവകാശത്തിനും ഹര്‍ജി ഫയല്‍ ചെയ്തത്. ഇപ്പോഴും കുടുംബക്കോടതിയില്‍ കേസ് നടക്കുകയാണ്. കൈവെട്ടിയ സംഭവം നടന്ന മാസത്തെ ആദ്യ ശനിയാഴ്ച ഞാന്‍ കുഞ്ഞിനെ കോടതിയില്‍ കൊണ്ടുചെന്ന് അയാളെ കാണിച്ചതാണ്. പിന്നെ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്തതെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. ഒരുപക്ഷേ ഞാന്‍ ജീവിക്കരുതെന്ന് കരുതിയാകണം. കാരണം എന്റെ കഴുത്തിലാണ് ആദ്യം മുറിവേറ്റത്. 8 തുന്നലുണ്ടായിരുന്നു. കൈ അറ്റുപോകാനിടയായ വെട്ട് എന്റെ തലയില്‍ കൊണ്ടിരുന്നെങ്കില്‍ ഞാന്‍ മരിച്ചേനെ.

എങ്ങനെയാണ് അതിജീവിച്ചത്?

ഇത്രയും രക്തം വാര്‍ന്നുപോയിട്ടും എന്റെ കൂട്ടത്തിലുള്ള എല്ലാവരും പതറിമാറി. കാരണം കൈ അറ്റുവീണ നിലയിലായിരുന്നു. എന്നിട്ടുപോലും തരിമ്പുപോലും ബോധം നഷ്ടപ്പെടാനോ മനസ് വിട്ടുപോകാനോ ഞാന്‍ സമ്മതിച്ചില്ല. കാരണം എനിക്ക് ഒരു കുഞ്ഞുണ്ട്. എനിക്ക് ഇനിയും ജീവിക്കണം. ആ കുഞ്ഞിനുവേണ്ടിയെങ്കിലും ജീവിക്കണം. ഇതുപോലുള്ള സംഭവങ്ങള്‍ നേരിടുന്ന ഏതെങ്കിലും സ്ത്രീകളുണ്ടെങ്കില്‍ എങ്ങനെയെങ്കിലും അവിടെനിന്ന് രക്ഷപെട്ട് പോരുക എന്നേ എനിക്ക് പറയാനുള്ളു. ജീവിതം അവിടെ കഴിയുന്നില്ല. ഒരു ആണില്ലെങ്കിലും ഒരു പെണ്ണിന് ജീവിക്കാം. എനിക്ക് എന്റെ അച്ഛനും അമ്മയും അത്യാവശ്യം നല്ല വിദ്യാഭ്യാസം തന്നു. ഇതെല്ലാം തരണംചെയ്തശേഷം ഏതെങ്കിലും നല്ല ജോലി കിട്ടിയാല്‍ അത് ചെയ്ത് ഞാന്‍ എന്റെ കുഞ്ഞിനെയും കൊണ്ട് ജീവിക്കും. ഒരാളുടെ സപ്പോര്‍ട്ട് ഉണ്ടെങ്കിലേ ജീവിക്കാന്‍പറ്റൂ എന്നൊന്നും ഇല്ലല്ലോ. ഇങ്ങനെയുള്ള അനുഭവങ്ങള്‍ വീട്ടുകാരോടോ പറയാന്‍ പറ്റില്ല, അല്ലെങ്കില്‍ വീട്ടില്‍ പോയാല്‍ ബാധ്യതയാകും എന്നുകരുതി നില്‍ക്കുന്നവരുണ്ട്. അങ്ങനെയാണ് ഞാന്‍ കുറേനാള്‍ സഹിച്ചുനിന്നത്.

എന്നെ വിവാഹം കഴിച്ചയച്ചത് ലോണെടുത്താണ്. അതുകൊണ്ട് ആദ്യമൊക്കെയുണ്ടായ ദുരനുഭവങ്ങള്‍ ഒന്നും വീട്ടില്‍ പറഞ്ഞില്ല. അമ്മ വരുമ്പോള്‍ ചോദിക്കും എന്താ മുഖം വല്ലാതിരിക്കുന്നതെന്ന്. ഞാന്‍ പറയും ഒന്നുമില്ല, കുഴപ്പമില്ല എന്ന്. ഫോണ്‍ വിളിക്കുമ്പോഴും അധികം സംസാരിക്കാന്‍ പറ്റില്ല. അയാള്‍ മുന്നിലിരുന്ന് കണ്ണുരുട്ടും, ഫോണ്‍ കട്ട് ചെയ്യ്, മിണ്ടരുത് എന്നൊക്കെ പറയും. ഗര്‍ഭിണിയായിരിക്കുമ്പോഴും ഇതേ പീഡനം തുടര്‍ന്നു. എട്ടുമാസം ഗര്‍ഭിണിയായിരിക്കേ കറിക്കറിഞ്ഞുകൊണ്ടിരുന്നപ്പോള്‍ കത്തിയെടുത്ത് കഴുത്തില്‍ വച്ചു. അത് കഴിഞ്ഞാണ് വായ വലിച്ചുകീറിയ സംഭവം. ഇപ്പോള്‍ കൈ വെട്ടി. അല്ലാതെയും ശാരീരികമായി ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. പക്ഷേ അവിടെനിന്ന് രക്ഷപെട്ടുവരാന്‍ എനിക്ക് ഒരുമാര്‍ഗവും ഇല്ലായിരുന്നു. കുഞ്ഞിന്റെ കൂടി ജീവന്‍ പോകുമെന്ന അവസ്ഥയായപ്പോഴാണ് അവിടം വിട്ടത്. ഓടിക്കയറിയ വീട്ടിലെ ചേച്ചി ദയയുള്ളവളായിരുന്നതുകൊണ്ട് എനിക്ക് വീട്ടിലേക്ക് വിളിക്കാന്‍ ഫോണ്‍ തന്നു. ഉള്ള ജീവനുംകൊണ്ട് പോന്നു.

കഴിഞ്ഞ അ‍ഞ്ചുവര്‍ഷമായി അയാളുമായി കമ്യൂണിക്കേഷന്‍ ഇല്ല. കോടതിയില്‍ ചെല്ലുമ്പോള്‍ സംസാരിക്കും, പോകും. അത്രേയുള്ളു. പക്ഷേ വീട്ടില്‍ക്കയറി ഇങ്ങനെ ഒരു അക്രമം കാണിക്കാന്‍ തക്ക കാരണം എന്താണെന്ന് എനിക്കറിയില്ല. എന്നെ കൊല്ലുമെന്ന് പലവട്ടം കോടതിയില്‍ വച്ച് പറഞ്ഞിട്ടുണ്ടെങ്കിലും ചെയ്യുമെന്ന് വിചാരിച്ചില്ല. എന്നെ കൊല്ലാന്‍ തന്നെയുള്ള ശ്രമമായിരുന്നു.

സമാനമായ അനുഭവം നേരിടുന്നവരോട്

എന്റെ അവസ്ഥയിലുള്ളവരോട് ഒന്നേ പറയാനുള്ളു. നമ്മള്‍ ഒന്നുപറഞ്ഞാല്‍ മതി. സഹായിക്കാന്‍ ഒരുപാട് ആള്‍ക്കാര്‍ കാണും. നമ്മുടെ ഉള്ളിലെ വിഷമം ഒരാളോട് പറയുകയാണെങ്കില്‍ ഉറപ്പായും നമ്മളെ സഹായിക്കാന്‍ ആരെങ്കിലുമൊക്കെ കാണും, ഏതെങ്കിലുമൊക്കെ രൂപത്തില്‍. എന്താണ് ഇങ്ങനെ വേദന തിന്ന് ജീവിക്കുന്നത്, ഉള്ള ഒരു ജീവിതം. ഞാന്‍ അനുഭവിക്കുന്നത് നോക്കൂ. അവിടെനിന്ന് പോന്നപ്പോഴെങ്കിലും സമാധാനം കിട്ടുമെന്ന് വിചാരിച്ചു. പക്ഷേ, അഞ്ചുമിനിറ്റ് കൊണ്ട് എന്റെ ജീവിതമേ ഇല്ലാതാക്കിയിട്ട് അയാള്‍ ഇറങ്ങിപ്പോയി. ഓവര്‍കം ചെയ്യണം. തിരിച്ചുവരാന്‍ പറ്റും. തിരിച്ചുവരും. അത്രേയുള്ളു.

കൈ വെട്ടിയ ഭര്‍ത്താവ് മുന്‍പ് വായ വലിച്ചുകീറി; വിദ്യ നേരിട്ടത് ഉള്ളുനീറ്റുന്ന പീഡനം

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes