
മോഷണത്തിന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞപ്പോൾ
കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കടയുടെ മുമ്പിൽ സൂക്ഷിച്ചിരുന്ന മാമ്പഴം മോഷ്ടിച്ച പോലീസുകാരൻ സിസിടിവിയിൽ കുടുങ്ങി.
ഇടുക്കി എ.ആർ.ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ ശിഹാബാണ് മോഷ്ടാവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മുണ്ടക്കയം വണ്ടംപതാൽ സ്വദേശിയാണ് ശിഹാബ്. ഡ്യൂട്ടി കഴിഞ്ഞ് പുലർച്ചെ മടങ്ങി വരുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി മുണ്ടക്കയം റോഡിലുള്ള ഒരു കടയുടെ മുന്നിൽ മാമ്പഴം പെട്ടികളിലാക്കി വെച്ചിരുന്നത് പോലീസുകാരൻ കാണുന്നത്.
സ്കൂട്ടർ സമീപത്ത് നിർത്തി ചുറ്റും കണ്ണോടിച്ച ശേഷം പെട്ടികളിൽ നിന്ന് മാമ്പഴം എടുക്കുകയായിരുന്നു. പത്ത് കിലോയോളം മാമ്പഴം ശിഹാബ് ഇത്തരത്തിൽ സ്കൂട്ടറിന്റെ സീറ്റിനടിയിലേക്ക് മാറ്റുന്നത് ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തിരുന്നു.
സിസിവിയിൽ കണ്ട സ്കൂട്ടറിന്റെ നമ്പർ പരിശോധിച്ചപ്പോഴാണ് കള്ളൻ പോലീസാണെന്ന് വ്യക്തമായത്. തിരിച്ചറിഞ്ഞതോടെ ശിഹാബ് ഒളിവിൽ പോയെന്നാണ് കാഞ്ഞിരപ്പള്ളി പോലീസ് പറയുന്നത്. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ഹെൽമറ്റും ഓവർക്കോട്ടും ധരിച്ചതിനാൽ സിസിടിവി ദൃശ്യത്തിൽ ആളെ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ വണ്ടി നമ്പറാണ് പോലീസുകാരനെ വലയിലാക്കിയത്.
