ബൈക്കില്‍ കറങ്ങിനടന്ന് കാണിക്കവഞ്ചി കുത്തിത്തുറക്കും, നിരവധി മോഷണക്കേസുകള്‍; രണ്ടുപേര്‍ പിടിയില്‍

കോട്ടയം: ബൈക്കിൽ കറങ്ങിനടന്ന് ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം കാപ്പിൽമേക്ക് മുറിയിൽ ആഞ്ഞിലിമൂട്ടിൽ കിഴക്കേതിൽ വീട്ടിൽ മുഹമ്മദ് അൻവർഷാ (23) കാർത്തികപ്പള്ളി കൃഷ്ണപുരം വില്ലേജിൽ പള്ളികണക്ക് മുറിയിൽ ചാലക്കൽ കോളനിയിൽ ശിവജി ഭവനം വീട്ടിൽ സരിത (28) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ചേർന്ന് ഇടയാഴം വൈകുണ്ഠപുരം ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചിരുന്നു. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് വൈക്കം പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഏറ്റൂമാനൂരിൽനിന്ന് പ്രതികളെ പിടികൂടിയത്.

ഇരുവരും നിരവധി മോഷണ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. അൻവർഷായും സരിതയും 2018 മുതൽ ഒരുമിച്ചായിരുന്നു താമസം. ഇരുവരും ബൈക്കിൽ കറങ്ങിനടന്നാണ് മോഷണം നടത്തിയിരുന്നത്. ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കാതെ മോഷണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അവിടെ ലോഡ്ജിൽ മുറിയെടുക്കുകയും മോഷണം നടത്തിയതിനുശേഷം കടന്നുകളയുകയുമാണ് പതിവ്. ഇവർക്കെതിരേ കായംകുളം,കുമളി,കട്ടപ്പന, കരുനാഗപ്പള്ളി, പെരുവന്താനം, എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നിർദേശപ്രകാരം വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഒ. കൃഷ്ണൻ പോറ്റി, എസ്.ഐ അജ്മൽ ഹുസൈൻ, സി.പി.ഒ.മാരായ ജാക്സൺ, സാബു എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.

ബൈക്കില്‍ കറങ്ങിനടന്ന് കാണിക്കവഞ്ചി കുത്തിത്തുറക്കും, നിരവധി മോഷണക്കേസുകള്‍; രണ്ടുപേര്‍ പിടിയില്‍

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes