
കൊയിലാണ്ടി മായം കടപ്പുറത്ത് അസം സ്വദേശികൾ തമ്മിൽ ഏറ്റുമുട്ടൽ; ഒരാളെ കടലിൽ മുക്കിക്കൊന്നു; രണ്ടു പേർ അറസ്റ്റിൽ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: കൊയിലാണ്ടി മായം കടപ്പുറത്ത് അസം സ്വദേശികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. ദുലു രാജബൊംശിയെന്ന അസം സ്വദേശിയാണ് കൊല്ലപ്പെട്ടത്. മൂന്ന് അസം സ്വദേശികൾ കടപ്പുറത്ത് സംഘർഷത്തിലേർപ്പെടുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഘർഷം നടന്നതെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് രണ്ടു പേർ ചേർന്ന് ഒരാളെ കഴുത്തിൽ ബെൽറ്റ് മുറുക്കിയ ശേഷം കടലിൽ മുക്കിക്കൊല്ലുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
മനോരഞ്ജൻ, ലക്ഷ്മി എന്നിങ്ങനെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പേർ സംഭവത്തിലുൾപ്പെട്ടിട്ടുണ്ടോ എന്നത് അന്വേഷിച്ചുവരികയാണ്.
കൊയിലാണ്ടി ഹാർബറിനോട് ചേർന്ന പാറക്കെട്ടിലായിരുന്നു അസം സ്വദേശികൾ ഇരുന്നിരുന്നത്. ലഹരി ഉപയോഗിച്ച ശേഷമാണ് വഴക്കും കൊലപാതകവും നടന്നതെന്നാണ് കരുതപ്പെടുന്നത്.
ദുലു രാജബൊംശിയുടെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിയിലേക്ക് മാറ്റിയിട്ടുണ്ട്. പിടിയിലായ പ്രതികളെ ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.
