
ചങ്ങനാശേരിയിൽ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ രണ്ട് പേർ കൂടി പിടിയിൽ. കോട്ടയം സ്വദേശികളായ ബിബിൻ, ബിനോയ് എന്നിവരാണ് പിടിയിലായത്. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കേസിൽ നാലാമതൊരാൾ കൂടി ഉൾപ്പെട്ടിട്ടുള്ളതായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്.
കൊലപാതകത്തിന് ശേഷം സംസ്ഥാനം വിട്ട പ്രതികളെ കൊയമ്പത്തൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിൻ്റെയും ചങ്ങനാശേരി ഡിവൈഎസ്പി സി.ജി. സനൽ കുമാറിൻ്റെയും നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. അതേ സമയം സംഭവത്തിൽ നാലാമതൊരാൾ കൂടി ഉൾപ്പെട്ടിട്ടുള്ളതായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. രണ്ടും മൂന്നും പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് നാലാമതൊരു പ്രതിക്കും പങ്കുള്ളതായി വിവരം ലഭിച്ചത്. കോട്ടയം മാങ്ങാനം സ്വദേശി വരുൺ കുമാറാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
കൊല്ലപ്പെട്ട ബിന്ദു കുമാറിന് തൻ്റെ ഭാര്യയുമായി അടുപ്പമുണ്ടെന്ന മുത്തുകുമാറിൻ്റെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ചയായിരുന്നു ആലപ്പുഴ സ്വദേശി ബിന്ദു കുമാറിൻ്റെ മൃതദേഹം ചങ്ങനാശേരിയിൽ സുഹൃത്തായ മുത്തുകുമാർ വാടകയ്ക്ക് താമസിച്ച വീട്ടിൽ കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്ത നിലയിൽ കണ്ടെത്തിയത്. പിറ്റേന്ന് മുത്തുകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
