
തമിഴ് സിനിമകളിലെ ഹാസ്യ നടനായിരുന്ന എം.ആർ രാധയുടേയും ഗീതയുടേയും മകളാണ് രാധിക ശരത്കുമാർ. നടി നിരോഷ താരത്തിന്റെ സഹോദരിയാണ്. 1978ൽ കിഴക്കെപോകും റെയിൽ എന്ന സിനിമയിൽ നായികയായാണ് രാധിക സിനിമയിലെത്തുന്നത്.
തുടർന്ന് 150തിൽ അധികം തമിഴ് സിനിമകളിലും നൂറോളം തെലുങ്ക് സിനിമകളിലും അഭിനയിച്ചു. കൂടാതെ ഹിന്ദി, മലയാളം, കന്നട ചിത്രങ്ങളിലും രാധിക അഭിനയിച്ചിട്ടുണ്ട്. 1980ൽ നിറം മാറാത്ത പൂക്കൾ എന്ന സിനിമയിലൂടെയാണ് രാധിക മലയാളത്തിലെത്തുന്നത്.
അതിനുശേഷം 1983ൽ മലയാളത്തിൽ ജസ്റ്റിസ് രാജ എന്ന സിനിമയിൽ അഭിനയിച്ചു. തുടർന്ന് കൂടുംതേടി, മകൻ എന്റെ മകൻ, രാമലീല, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്നിവയുൾപ്പെടെ പത്തിലധികം മലയാള ചിത്രങ്ങളിൽ രാധിക അഭിനയിച്ചിട്ടുണ്ട്.
1881ൽ മികച്ച നടിയ്ക്കുള്ള ആന്ധ്രാ സംസ്ഥാന അവാർഡും 1986, 1987, 1990 വർഷങ്ങളിൽ മികച്ച നടിയ്ക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട് താരം. നിർമ്മാതാവുകൂടിയായ രാധിക പത്തിലധികം ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
സിനിമകൾ കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും രാധിക അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയില്‍ ഒരുകാലത്ത് നായികയായി തിളങ്ങി നിന്ന നടിയാണ് രാധിക ശരത്‍കുമാര്‍. ഇപ്പോഴും സജീവമായിട്ടുള്ള രാധിക ശരത്‍കുമാര്‍ തന്റെ ഫോട്ടോകളും വിശേഷങ്ങളും ഷെയര്‍ ചെയ്യാറുണ്ട്.
രാധിക ശരത്‍കുമാറിന്റെ അറുപതാം പിറന്നാൾ എൺപതുകളിലെ തെന്നിന്ത്യൻ താരങ്ങളെല്ലാം ഒത്തുകൂടി ഒരുമാസം മുമ്പ് ആഘോഷമാക്കിയിരുന്നു. മലയാളത്തിൽ ഉർവ്വശിയെന്നപോലെ തന്നെ തമിഴിൽ സഹനടിയായി മികച്ച പ്രകടനം ഇപ്പോഴും കാഴ്ച വെക്കാൻ രാധികയ്ക്ക് സാധിക്കുന്നുണ്ട്.
അറുപതിലെത്തിയിട്ടും ശരീരത്തിന്റെ ചെറുപ്പവും ചുറുചുറുക്കും കാത്തുസൂക്ഷിക്കാൻ രാധികയ്ക്ക് സാധിക്കുന്നുണ്ട്. താരത്തിന്റെ സിനിമാ ജീവിതം സക്സസ് ഫുൾ ആയിരുന്നെങ്കിലും ദാമ്പത്യം അങ്ങനെയായിരുന്നില്ല. മൂന്ന് തവണ താരം വിവാഹിതയായിട്ടുണ്ട്.
ആദ്യത്തെ വിവാഹം അടുത്തിടെ അന്തരിച്ച നടനും സംവിധായകനും എഴുത്തുകാരനുമെല്ലാമായ പ്രതാപ് പോത്തനുമായിട്ടായിരുന്നു. കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴായിരുന്നു താരം വിവാഹിതയായത്. ആ സമയങ്ങളിലെല്ലാം നിരവധി നായിക കഥാപാത്രങ്ങൾ രാധിക ചെയ്യുന്ന സമയം കൂടിയായിരുന്നു.
1985ൽ ആയിരുന്നു വിവാഹം. പക്ഷെ അധികകാലം ആ ദാമ്പത്യം നിലനിന്നില്ല. വൈകാതെ ഇരുവരും വിവാഹമോചിതരായി. 1990ൽ ആയിരുന്നു രാധികയുടെ രണ്ടാം വിവാഹം. അതും വിദേശിയായ റിച്ചാർഡ് ഹാർഡിയുമായി. ബ്രിട്ടീഷ് പൗരത്വമുള്ള റിച്ചാർഡിനെ വിവാഹം ചെയ്തതോടെ വിദേശത്തേക്ക് പോയി രാധിക ലണ്ടനിൽ സ്ഥിര താമസം തുടങ്ങി.
സന്തോഷകരമായ ദമ്പത്യം പ്രതീക്ഷിച്ച രാധികയ്ക്ക് പക്ഷെ അത് ലഭിച്ചില്ലെന്ന് മാത്രമല്ല. റിച്ചാർഡിൽ നിന്നും മാനസീകമായും ശാരീരികമായും നിരവധി ഉപദ്രവങ്ങളും രാധികയ്ക്കുണ്ടായി. ആ ബന്ധത്തിൽ രാധികയ്ക്ക് ഒരു മകളുണ്ട്. ഉപദ്രവം വർധിച്ചപ്പോൾ രാധിക ഡിവോഴ്സ് വാങ്ങി ഇന്ത്യയിൽ തിരികെ എത്തി.
ആ വിവാഹ മോചനം ശാരീരികമായും മാനസീകമായും രാധികയെ വല്ലാതെ തളർത്തി. താരത്തിന്റെ രണ്ട് വിവാഹ ബന്ധങ്ങളും തകർന്നതോടെ സമൂഹത്തിൽ നിന്നും വലിയ വിമർശനം രാധികയ്ക്ക് നേരിടേണ്ടി വന്നു. അവളുടെ വ്യക്തിജീവിതത്തിലെ തെരഞ്ഞെടുപ്പുകളെ പലരും പരിഹസിച്ചു.
പരിഹാസം കൂടിയപ്പോഴാണ് താരം കരിയറിലേക്ക് തിരിച്ച് വരികയും സീരിയലുകൾ നിർമിക്കുകയും മറ്റും ചെയ്തത്. നിർമാണത്തിൽ വിജയിച്ച് തുടങ്ങിയതോടെ രാധികയ്ക്ക് സിനിമാ മേഖലയിൽ പഴയ പ്രതാപം തിരിച്ചുകിട്ടി.
പിന്നീട് വർഷങ്ങൾക്ക് ശേഷം 2001ൽ രാധിക വിവാഹമോചിതനായ നടൻ ശരത്കുമാറിനെ വിവാഹം ചെയ്തു. അറുപത്തിയെട്ടുകാരനായ ശരത്ത് കുമാറിനൊപ്പം സന്തോഷകരമായി ദാമ്പത്യം മുന്നോട്ട് കൊണ്ടുപോവുകയാണ് ഇപ്പോൾ രാധിക.
